നാളെ മുതൽ ലോക്ക് ‌ഡൗൺ ഇളവുകൾ

തൊടുപുഴ: ജില്ലയിൽ ഭൂരിഭാഗവും മിതമായ വ്യാപനമുള്ള പ്രദേശങ്ങളായതിനാൽ നാളെ മുതൽ ലോക്ക് ‌ഡൗൺ ഇളവുകൾ നിലവിൽ വരുമ്പോൾ മുപ്പതിലേറെ തദ്ദേശസ്ഥാപനങ്ങൾക്ക് ഭാഗിക ഇളവുകൾ ലഭ്യമായേക്കും . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഏഴ് ദിവസത്തെ ശരാശരി വ്യാപനതോത് എടുത്താണ് ഇളവുകൾ തീരുമാനിക്കുന്നത്. ജൂൺ ഒമ്പത് മുതൽ 14 വരെയുള്ള തിയതികളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നോക്കിയാൽ 36 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലിത് എട്ടിനും ഇരുപതിനും ഇടയിലാണ്. ഈ പ്രദേശങ്ങളിൽ ഭാഗിക ലോക്ക്ഡൗൺ ആയിരിക്കും. ഈ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും (രണ്ടിടത്തും 50 ശതമാനം ജീവനക്കാർ മാത്രം). ജൂൺ 17 മുതൽ 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി അനുവദിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനത്തിനു താഴെ നിൽക്കുന്ന 12 പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. ദേവികുളം,​ ഇടമലക്കുടി,​ വട്ടവട,​ കൊന്നത്തടി,​ വാത്തിക്കുടി,​ മരിയാപുരം,​ രാജകുമാരി,​ പാമ്പാടുംപാറ,​ ഉടുമ്പഞ്ചാല,​ ഇരട്ടയാർ,​ രാജാക്കാട്, ശാന്തമ്പാറ​. ഈ പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ പാലിച്ച് സാധാരണ പ്രവർത്തനങ്ങൾ അനുവദിക്കും. ഇവിടങ്ങളിൽ എല്ലാ കടകളും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും. സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനവും അനുവദിക്കും (രണ്ടിടത്തും 50 ശതമാനം ജീവനക്കാർ മാത്രം)​.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളിലുള്ള മൂന്ന് പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്- മണക്കാട്,​ മുട്ടം,​ ഇടവെട്ടി. ഇവിടെ സമ്പൂർണ്ണ ലോക്ഡൗണായിരിക്കും. ഈ പ്രദേശങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ അനുവദിക്കും. മറ്റു കടകൾ വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാർ മാത്രം).

നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജില്ലയിലില്ല. ഇവിടങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണാണ് നടപ്പാക്കുക.

ജില്ലയിലെ ലോക്ഡൗൺ ഇളവുകൾ സംബന്ധിച്ച അന്തിമതീരുമാനം ഇന്ന് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിലെടുക്കും.