തൊടുപുഴ: വിനോദസഞ്ചാരികളുടെ മനസിൽ ഇടം പിടിച്ച തൊമ്മൻ കുത്തിന് വളച്ചയുടെ പടവുകൾ ചവിട്ടാൻ ഇനിയുമേറെ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചത് ഏറെ ഗുണകരമാകുമ്പോഴും ടൂറിസം കേന്ദ്രത്തെ കൂടുതൽ മികവുറ്റതാക്കാൻ പദ്ധതികൾ ഇനിയും അകലെയാണ്..ഭൗതിക സാഹചര്യങ്ങൾ വിപുലപ്പെടുത്താൻ കരിമണ്ണൂർ,വണ്ണപ്പുറം പഞ്ചായത്തുകൾ സംയുക്തമായി പദ്ധതികൾ ഏറ്റെടുത്താലേ സാദ്ധ്യമാവുകയുള്ളൂ ..തൊമ്മൻ കുത്ത് വെള്ളച്ചാട്ടം കരിമണ്ണൂർ പഞ്ചായത്ത് പ്രദേശത്താണ്.എന്നാൽ അതിനോടനുബന്ധിച്ചുള്ള ഏഴു നിലക്കുത്തും ആനാചാടി കുത്തും വണ്ണപ്പുറം പഞ്ചായത്തിലുമാണ്. സഞ്ചാരികളെ ആകർഷിക്കാൻ ആനചാടി കുത്തിനേയും തൊമ്മൻ കുത്തിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതികൾ തയ്യാറാക്കാൻ പഞ്ചായത്തുകൾക്ക്‌ വിനോദ സഞ്ചാരവകുപ്പും വനം വകുപ്പും പിന്തുണ നൽകാൻ തയ്യാറാകണം. അപകട രഹിതമായി വെള്ളത്തിലിറങ്ങാൻ കഴിയുമെന്നതിനാൽ ആനചാടി കുത്തു കാണാൻ നിരവധി സഞ്ചാരികളാണ് കുടുംബസമേതം ലോക്ക് ഡൗൺ കാലത്തിന് മുൻപ് ഇവിടേക്ക്‌ എത്തിയിരുന്നത്.ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ കൂടുതൽ സഞ്ചാരികൾ ആനചാടികുത്തു കാണാൻ എത്തിത്തുടങ്ങും.തൊമ്മൻ കുത്ത് ടൂറിസം കേന്ദ്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് അധികൃതർക്ക് പ്രദേശവാസികൾ സംഘടിച്ചും വിവിധ സാമൂഹ്യ സംസ്ക്കാരിക സംഘടനകളും നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഒന്നും പ്രാവർത്തികമായില്ല.

തൂക്ക് പാലം വന്നാൽ

ആകർഷകം..

ശിവരാമൻ കുത്തുകലുങ്ക് കടന്ന് പോകുന്ന മുണ്ടയ് ക്കൽകടവിന് കുറുകെ തൂക്കുപാലം നിർമ്മിച്ചാൽ ആനചാടിക്കുത്ത് കാണാനെത്തുന്ന കുട്ടികൾ ഉൾപ്പെടയുള്ള അനേകം സഞ്ചാരികൾക്ക് ഏറെ പ്രയോജനമാകും.ഇത് സംബന്ധിച്ച് ഏറെ വർഷങ്ങൾക്ക് മുൻപ് ചർച്ചകൾ നടന്നെങ്കിലും തുടർ പ്രവർത്തനം സ്തംഭിച്ചു.തൂക്കുപാലം നിർമ്മിക്കാൻ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾക്ക്‌ സംയുക്തമായ പദ്ധതി ആവിഷ്‌കരിക്കണം.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ടൂറിസം വകുപ്പിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലുള്ള ഫണ്ടും ഇവിടേക്ക് എത്തിക്കാൻ അധികൃതരുടെ കൂട്ടായ ശ്രമം കൂടി ഉണ്ടായാൽ വിനോദസഞ്ചാരികളുടെ വരവ് പതിൻമടങ്ങ് വർദ്ധിക്കുമെന്ന വിശ്വാസമാണ് ടൂറിസംമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കുള്ളത്.