തൊടുപുഴ : തൊടുപുഴ ന്യൂമാൻ കോളേജ് ഹരിത കാമ്പസാകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.ഹരിത കേരളം വിഭാവനം ചെയ്യുന്ന വിധത്തിലുള്ള എല്ലാ വിധ സജ്ജീകരണങ്ങളുമൊരുക്കി ഓഗസ്റ്റ് മാസത്തോടെ സമ്പൂർണ്ണ ഗ്രീൻ പ്രോട്ടോക്കോൾ കാമ്പസായി മാറ്റുന്നതിന് കോളജിൽ ചേർന്ന യോഗം തീരുമാനിച്ചു.കോളേജിലെ ഗ്രീൻ പ്രോട്ടോകോൾ പരിപാലത്തിന്റെ നോഡൽ ഓഫീസറായി ഇക്കണോമിക്‌സ് വകുപ്പ് മേധാവി ഡോ. ജെന്നി കെ അലക്‌സിനെ ചുമതലപ്പെടുത്തി.

കോളേജിൽ ജൈവ മാലിന്യ പരിപാലനത്തിനായി നേരത്തേ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിരുന്നു. അത് പ്രവർത്തനയോഗ്യമാക്കും.ഇവിടുത്തെ ജൈവ ഇന്ധനം ക്യാന്റീനിൽ പ്രയോജനപ്പെടുത്താനാണ് തീരുമാനം. കാമ്പസിനകത്ത് ഏയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ് (തുമ്പൂർ മുഴി ) സ്ഥാപിക്കുന്നതും പരിഗണിക്കും. പ്ലാസ്റ്റിക് പൊടിക്കുന്നതിന് സ്ഥാപിച്ചിട്ടുള്ള ഷ്രഡിംഗ് മെഷീൻ പ്രവർത്തനം പുനരാരംഭിക്കും. ഇവിടെനിന്നുള്ള ഉത്പ്പന്നങ്ങൾ ഹരിത കേരളം മുഖേന ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറും. ജൈവ മാലിന്യം ശേഖരിക്കുന്നതിന് പ്രത്യേക ബിന്നുകളും സ്ഥാപിക്കും.കൂടാതെ അജൈവ പാഴ് വസ്തുക്കൾ പേപ്പർ, പ്ലാസ്റ്റിക്, ചില്ല്, മെറ്റൽ എന്നിങ്ങനെ തരം തിരിച്ചും ശേഖരിക്കും.അജൈവ പാഴ് വസ്തുക്കൾ സൂക്ഷിക്കുന്നതിന് പ്രത്യേകം ഇടം സജ്ജമാക്കും ഇവയെല്ലാം മോണിറ്ററിംഗ് നടത്തുന്നതിന് ചുമതലക്കാരെയും നിയോഗിക്കും.കേടായ കസേര, ഫർണിച്ചർ, ഇ മാലിന്യം എന്നിവ ശേഖരിച്ചു ഹരിത കർമസേന ക്ലീൻ കേരള കമ്പനി വഴി കൈയ്യൊഴിയും.

കാമ്പസിനെ കൂടുതൽ ഹരിതമാക്കുന്നതിന് പോളി ഫാർമിങ് /ബോട്ടാണിക്കൽ ഗാർഡൻ /എന്നിവ ഒരുക്കും.
കൂടാതെ കോളജ് മൈതാനിയിലെ പത്ത് സെന്റ് സ്ഥലത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചത്തുരുത്തും സൃഷ്ടിക്കും

പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, ഹരിതകേരളം പ്രതിനിധി അമൽലാൽ ,വൈസ് പ്രിൻസിപ്പൽ ഡോ. ഫാ. മാനുവൽ പിച്ചളക്കാട്ട്,ബർസാർ ഡോ.ഫാ.പോൾ കാരക്കൊമ്പിൽ, ഡോ ജെന്നി കെ അലക്‌സ്, ഡോ. എം വി കൃഷ്ണകുമാർ,ഡോ. സാജു എബ്രഹാം, ബാനി ജോയി,ജെയ്ബി സിറിയക് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.