മുട്ടം: പഞ്ചായത്ത്‌ പ്രദേശത്തുള്ള സർക്കാർ ഭൂമികൾ,പൊതു സ്ഥാപനങ്ങളുടെ ചുറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലായി ഔഷധ വനങ്ങൾ സ്ഥാപിക്കാൻ പദ്ധതി തയ്യാറാകുന്നു.ആയുഷ് പദ്ധതിയുടെ ഭാഗമായി മുട്ടം ആയൂർവ്വേദ ആശുപത്രിയുടെ നേതൃത്വത്തിലാണ് ഔഷധ വനം സ്ഥാപിക്കുന്നത്.വിവിധ ഇനങ്ങളിലുള്ള നൂറോളം ഔഷധ സസ്യങ്ങൾ നട്ട് പിടിപ്പിച്ച് സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുന്നതിനനുസരിച്ച് പദ്ധതിക്ക്‌ തുടക്കമാകും.എം വി ഐ പി,ടൂറിസം വകുപ്പ് എന്നിവയുമായി സഹകരിച്ച് മലങ്കര ടൂറിസം ഹബ്ബിനോട് അനുബന്ധിച്ചാണ് പ്രാരംഭ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. പിന്നീട് മറ്റ് സ്ഥലങ്ങളിൽ നടപ്പിലാക്കുമെന്ന് ആയൂർവ്വേദ വകുപ്പ് അധികൃതർ പറഞ്ഞു.