തൊടുപുഴ: റവന്യൂ- വനം വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ ജില്ലയിൽ അരങ്ങേറിയ മരം കൊള്ളയെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്ബും ആവശ്യപ്പെട്ടു. വിവാദ സർക്കാർ ഉത്തരവുകളുടെ മറവിൽ പട്ടയഭൂമികളിലെ ഈട്ടി, തേക്ക് ഉൾപ്പെടെയുള്ള സംരക്ഷിത മരങ്ങൾ മുറിച്ചു കടത്തിയതിലൂടെ നൂറുകണക്കിന് കോടികളുടെ അഴിമതിയാണ് നടത്തിയിരിക്കുന്നത്. പട്ടയ ഭൂമികളിലെ റിസർവ് ചെയ്ത മരങ്ങളുടെ പട്ടിക റവന്യൂ വകുപ്പിൽ ലഭ്യമല്ലെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. മരം കൊള്ള ആസൂത്രിതമാണെന്നതിന് മറ്റൊരു തെളിവും വേണ്ട. മരങ്ങളുടെ പട്ടിക നശിപ്പിച്ചത് കൊള്ള നടത്താൻ വേണ്ടി തന്നെയാണ്. പട്ടയ ഉടമകളെ പ്രതിയാക്കി എല്ലാ കുറ്റവും അവരുടെ തലയിൽ കെട്ടി വച്ച് വനം കൊള്ളക്കാരെയും റവന്യു- വനം വകുപ്പ് ഉദ്യോഗസ്ഥന്മാരെയും രാഷ്ട്രീയക്കാരെയും രക്ഷിക്കാനാണ് സർക്കാരിന്റെ നിഗൂഢ നീക്കം. മരം കൊള്ളക്കേസിൽ ആരോപണ വിധേയരായ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷണ നടപടി എടുക്കില്ലെന്ന വനം മന്ത്രിയുടെ പ്രസ്താവന അർത്ഥഗർഭമാണ്. മരം കൊള്ളയുടെ തെളിവ് നശിപ്പിക്കുകയാണ് നിഗൂഢ ലക്ഷ്യം. ആരോപണ വിധേയരായ ഉദ്യോഗസ്ഥന്മാരെ മാറ്റി നിറുത്തി സുതാര്യമായ അന്വേഷണം നടത്തുകയാണ് വേണ്ടത്. റവന്യു- വനം മന്ത്രിമാരെയും മുൻ മന്ത്രിമാരെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി വിളിച്ചു വരുത്തി വിശദീകരണം തേടിയത് എല്ലാം അറിഞ്ഞവരും അറിയേണ്ടവരും ഒന്നും അറിഞ്ഞില്ലെന്നു വരുത്തി തീർത്ത് തലയൂരാനാണ്. എല്ലാം നിയമാനുസരണം ആയിട്ടാണ് നടന്നതെങ്കിൽ, ഇരുളിന്റെ മറവിൽ ലോറികളിൽ തടികയറ്റി കൊണ്ടു പോയതും ലോഡ് കയറ്റിയ ലോറികൾ ഒളിപ്പിച്ചതും വിവാദ ഉത്തരവ് പിൻവലിച്ചതും എന്തു കൊണ്ടാണെന്നും സംസ്ഥാന സർക്കാർ മറുപടി പറയണം.പട്ടയ ഭൂമിയിൽ കർഷകർ നട്ടുപിടിപ്പിച്ചതും സ്വയം കിളിർത്തതുമായ വൃക്ഷങ്ങൾ ആരുടെയും പ്രത്യേകം അനുമതി കൂടാതെ മുറിക്കുവാൻ കർഷകരെ അനുവദിക്കണം എന്നാണ് യു.ഡി.എഫിന്റെ നിലപാട്. മരംകൊള്ളയുടെ പശ്ചാത്തലത്തിൽ കർഷകരെ ആകാരണമായി പീഡിപ്പിച്ചാൽ എന്തു വിലകൊടുത്തും ചെറുക്കുമെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.