പന്നിമറ്റം: വെള്ളിയാമറ്റം പഞ്ചായത്തിലെ പന്നിമറ്റം സിറ്റി റോഡിന് സംരക്ഷണ ഭിത്തിയില്ലാത്തതിനെ തുടർന്ന് കൊല്ലംകോട്ട് ബേബിയുടെ വീടിന്റെ ഭിത്തിയിലേയ്ക്ക് തിട്ടയിടിഞ്ഞ് അപകടാവസ്ഥയിൽ.കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് ലഭിച്ച 21 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കോൺക്രീറ്റ് റോഡാണിത്.റോഡിന്റെ ഒരു ഭാഗം വടക്കനാറിൻ്റെ തീരമാണ്. 35 ൽപരം കുടുംബങ്ങളാണ് റോഡിൻ്റെ തിട്ടയിടിയുന്ന ഭീഷണിയിൽ കഴിയുന്നത്.അടിയന്തിരമായി സംരക്ഷണഭിത്തി നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മോഹൻ ദാസ് പുതുശ്ശേരി,വാർഡ് മെമ്പർ രേഖ പുഷ്പരാജ്,ബിനോയി മലയിൽ,സണ്ണി ചാക്കോ എന്നിവർ സ്ഥലം സന്ദർശിച്ചു.