ഏലപ്പാറ: ആളൊഴിഞ്ഞ തേയിലത്തോട്ടത്തിൽ നടത്തി വന്ന വ്യാജ വാറ്റ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 250 മില്ലി ചാരായവും 500 ലിറ്റർ കോടയുമായി രണ്ടു പേർ അറസ്റ്റിൽ. ഏലപ്പാറ പുതുക്കാട്ട് ജയമോൻ (40), തുരുത്തേൽ രാജ് ലാൽ (42) എന്നിവരെയാണ് ഉപ്പുതറ പൊലീസ് പിടികൂടിയത്. തവാരണയിലെ ആളൊഴിഞ്ഞ തേയിലത്തോട്ടത്തിലായിരുന്നു വ്യാജ വാറ്റ് നടന്നുകൊണ്ടിരുന്നത്. വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. നാളുകളായി ഇവിടെ വാറ്റ് നടക്കുന്നതായി പൊലീസ് പറയുന്നു. രാവിലെ മുതൽ നിർമിച്ച വ്യാജചാരായം വിൽപ്പന നടത്താനായി മുഖ്യ പ്രതി പോയതിന് തൊട്ട് പിന്നാലെയാണ് റെയ്ഡ് നടന്നത്. ഈ സമയം സഹായികളായ രണ്ട് പേരാണ് വ്യാജചാരായം നിർമിച്ചു കൊണ്ടിരുന്നത്. മുഖ്യ പ്രതിയുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായ രണ്ടു പേർ. ഉപ്പുതറ എസ്‌.ഐ പി.എൻ. ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. ഉദ്യോഗസ്ഥരായ ദൂരെരാജ് പി, സെയ്ദ് മുഹമ്മദ്, ആരവിന്ദ് മോഹനൻ, സെബാസ്റ്റ്യൻ, താജ്ദ്ദീൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.