ഇടുക്കി: ജില്ലയിൽ ഇതുവരെ 4,07,704 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. 3,36,355 പേരാണ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ഇതനുസരിച്ച് ജില്ലയിൽ ആകെയുള്ള ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും വാക്സിൻ സ്വീകരിച്ചു. ഇത് വലിയ നേട്ടമാണ്. 72,349 പേർ രണ്ടാം ഡോസും എടുത്ത് കഴിഞ്ഞു. ദിവസവും പതിനായിരത്തിലേറെ പേർ ജില്ലയിൽ വാക്‌സിൻ സ്വീകരിക്കുന്നതായാണ് കണക്ക്. ജനുവരി 16ന് ആരംഭിച്ച വാക്‌സിനേഷനിൽ ആദ്യ ഘട്ടത്തിൽ ആരോഗ്യ മേഖലയ്ക്കും സർക്കാർ ജീവനക്കാർക്കുമാണ് മുൻഗണന നൽകിയത്. പിന്നീട് 60ന് മുകളിൽ പ്രായം ഉള്ളവർക്കും 45ന് മുകളിൽ പ്രായം ഉള്ളവർക്കുമായി ഇളവുകൾ വന്നെങ്കിലും ദിവസവും ശരാശരി 500- 1000 ഡോസായിരുന്നു വാസ്‌കിൻ വിതരണം നടന്നത്. പിന്നീട് മാർച്ചിൽ മാസ് ക്യാമ്പ് ആരംഭിച്ചെങ്കിലും ഇതും വലിയ വിജയം കണ്ടില്ല. പിന്നാലെ ഏപ്രിൽ രണ്ടാം വാരത്തോടെ കൊവിഡ് രണ്ടാം തരംഗം എത്തിയതോടെ നൂറ് കണക്കിന് പേരാണ് വാക്‌സിനെടുക്കാൻ വിവിധ കേന്ദ്രങ്ങളിൽ പാഞ്ഞെത്തിയത്.