ജാഗ്രതയോടെ നിരത്തിലിറങ്ങി ജനം
തൊടുപുഴ: ഒന്നര മാസം നീണ്ട ലോക്ക് ഡൗണിന് വിരാമമിട്ട് രോഗവ്യാപന തോതിന്റെ അടിസ്ഥാനത്തിൽ വന്ന ഇളവുകളോട് ജനങ്ങളുടെ സമ്മിശ്ര പ്രതികരണം. നിയന്ത്രണങ്ങളോടെ സാധാരണ പ്രവർത്തനങ്ങൾ അനുവദനീയമായ കാറ്റഗറി എയിൽപ്പെട്ട 16 പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. ഇതിൽ പ്രധാന ടൗണുകളുള്ള കരിമണ്ണൂർ, കരിങ്കുന്നം, രാജാക്കാട്, ഇരട്ടയാർ, ഉടുമ്പഞ്ചോല, കരുണാപുരം, ശാന്തമ്പാറ, വാത്തിക്കുടി, കൊന്നത്തടി, മരിയാപുരം എന്നിവിടങ്ങളിൽ ഭൂരിഭാഗം കടകളും സ്ഥാപനങ്ങളും തുറന്നെങ്കിലും മഴയും മറ്റും കാരണമാകാം കാര്യമായ ജനതിരക്കുണ്ടായിരുന്നില്ല. എ കാറ്റഗറിയിൽ തന്നെയുള്ള പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിൽ സമ്പൂർണ ലോക്ക് ഡൗണിന് സമാനമായ സ്ഥിതിയായിരുന്നു. തോട്ടംതൊഴിലാളികൾ മാത്രമാണ് ടൗണിലിറങ്ങിയത്. വിനോദസഞ്ചരികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന 30 ശതമാനം സ്ഥാപനങ്ങളും തുറന്നില്ല. വിനോദസഞ്ചാരത്തിന് ഇളവുകൾ ലഭിക്കാതെ മൂന്നാർ ഉണരില്ലെന്ന് തദ്ദേശവാസികൾ പറയുന്നു.
അതേസമയം ഭാഗിക ലോക്ക് ഡൗൺ നിലവിലുള്ള ബി കാറ്റഗറിയിൽപ്പെട്ട തൊടുപുഴ, കട്ടപ്പന, അടിമാലി തുടങ്ങിയ 37 തദ്ദേശസ്ഥാപനങ്ങളിലും ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പുറമെ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും മാത്രമാണ് തുറന്നത്. മറ്റ് കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമാണ് തുറക്കാൻ അനുമതിയുള്ളത്. എന്നാൽ ഇതറിയാതെ തുറന്ന ചില വ്യാപാരസ്ഥാപനങ്ങൾ പൊലീസ് അടപ്പിച്ചു. അതേസമയം അനുമതിയില്ലെങ്കിലും ഓട്ടോറിക്ഷകൾ നിരത്തിലിറങ്ങിയെങ്കിലും പലർക്കും നൂറു രൂപയുടെ സവാരി പോലും കിട്ടിയില്ല. സർക്കാർ ആഫീസുകളടക്കം 25 ശതമാനം ജീവനക്കാരെ വച്ചാണ് പ്രവർത്തിച്ചത്. കാര്യമായ പൊലീസ് പരിശോധന ഇല്ലാതിരുന്നതിനാൽ സ്വകാര്യ വാഹനങ്ങൾ സുഗമമായി ഓടി.
സി കാറ്റഗറിയിൽ ഉൾപ്പെട്ടതിനെ തുടർന്ന് സമ്പൂർണ ലോക്ക് ഡൗണിലായ ജില്ലയിലെ ഏക പഞ്ചായത്തായ ഇടവെട്ടിയിൽ കർശന നിയന്ത്രണങ്ങളാണുണ്ടായിരുന്നത്. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ ഇവിടെ പ്രവർത്തിച്ചത്. കല്യാണ ആവശ്യങ്ങൾക്കുള്ള തുണിക്കടകൾ, ചെരുപ്പു കടകൾ, ആഭരണ കടകൾ, കുട്ടികൾക്ക് പഠന ആവശ്യത്തിനുള്ള കടകൾ, മെക്കാനിക്കൽ ഷോപ്പുകൾ എന്നിവ വെള്ളിയാഴ്ചകളിൽ മാത്രം രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴു വരെ 50 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിപ്പിക്കാനാണ് അനുമതിയുള്ളത്. ഹോട്ടലുകളിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പാഴ്‌സൽ സർവീസും ഹോം ഡെലിവറിയും മാത്രമാണുള്ളത്.
മദ്യശാലകളിൽ ക്യൂവില്ല
ആപ്പില്ലാതെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെയും ബാറുകളിലൂടെയും മദ്യം നൽകുമെന്ന അറിയിപ്പ് വന്നതോടെ രാവിലെ മുതൽ നീണ്ട ക്യൂ പ്രതീക്ഷിച്ചെങ്കിലും ജില്ലയിൽ കാര്യമായ തിരക്കുണ്ടായില്ല. കട്ടപ്പന ടൗണടക്കമുള്ള ചിലയിടങ്ങളിൽ മാത്രമാണ് നീണ്ട ക്യൂ ദൃശ്യമായത്. ഇവിടങ്ങളിൽ സാമൂഹ്യഅകലമൊന്നും പാലിക്കപ്പെട്ടില്ല. പൊലീസും കാര്യമായി ഇടപെട്ടില്ല. മഴ കൂടിയെത്തിയതോടെ നനയാതിരിക്കാൻ ഔട്ട്‌ലെറ്റിന് സമീപം കൂട്ടംകൂടി നിന്ന് മദ്യം വാങ്ങുന്ന കാഴ്ചയും കാണാമായിരുന്നു. എന്നാൽ തൊടുപുഴയിലെ മൂന്ന് ബിവറേജസ് ഔട്ട്‌ലെറ്റുകളിലും തീരെ തിരക്കില്ലായിരുന്നു. ചില ബാറുകളിൽ മദ്യം വാങ്ങാനെത്തുന്നവർക്ക് ക്യൂവിൽ ഇരുന്ന് സാധനം വാങ്ങാൻ കസേരയിട്ടിരുന്നു.