തൊടുപുഴ: കെ.എസ്.ആർ.ടി.സി ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് നാല്പതോളം ബസുകൾ സർവീസ് നടത്തിയെങ്കിലും യാത്രക്കാർ തീരെ കുറവായിരുന്നു. തൊടുപുഴ ഡിപ്പോയിൽ നിന്ന് 12 ബസുകളാണ് സർവീസ് നടത്തിയത്. കുമളി- 5, മൂലമറ്റം- 4, കട്ടപ്പന- 5, നെടുങ്കണ്ടം- 5, മൂന്നാർ- 7 എന്നിങ്ങനെയാണ് മറ്റ് ഡിപ്പോളിൽ നിന്നുള്ള സർവീസ്. കൂടുതൽ ആവശ്യമുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സർവീസുകൾ ഏർപ്പെടുത്തിയതെന്നും തിങ്കളാഴ്ച മുതൽ കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്നും കെ.എസ്.ആർ.ടി.സി ഡി.ടി.ഒ തോമസ് മാത്യു പറഞ്ഞു. സ്വകാര്യ ബസുകൾ ഇതുവരെ സർവീസ് പുനരാരംഭിച്ചില്ല. എന്നാൽ രാമപുരത്ത് നിന്നും എടാട് നിന്നും തൊടുപുഴയിലേക്ക് സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നു. എന്നാൽ യാത്രിക്കാരില്ലാത്തതിനാൽ തൊടുപുഴ സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ചു. ജില്ലയിൽ പൊതു ഗതാഗത സംവിധാനം ഇല്ലാത്തതതിനാൽ പലരും സ്വകാര്യ വാഹനങ്ങളിലാണ് പട്ടണങ്ങളിലേക്കടക്കം ഇറങ്ങിയത്. ഇത് പാർക്കിങ്ങിനെ തുടർന്നുള്ള ഗതാഗത കുരുക്കിനിടയാക്കി.