തൊടുപുഴ: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിൽ നിൽക്കുന്ന സി കാറ്റഗറിയിൽപ്പെട്ട ജില്ലയിലെ ഏക പഞ്ചായത്തായ ഇടവെട്ടിയിൽ ഇന്നലെ പൊലീസ് കർശന പരിശോധന നടത്തി. ഇന്നലെ പ്രദേശത്ത് അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളല്ലാത്തവ തുറക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് അടപ്പിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇവിടെ പട്രോളിംഗ് നടക്കുന്നുണ്ട്. കൂടാതെ എട്ടോളം പൊലീസുകാരെ പഞ്ചായത്തിന്റെ പ്രധാന ജംഗ്ഷനിൽ വിന്യസിച്ചിട്ടുമുണ്ട്. വരും ദിവസങ്ങളിലും കർശന പരിശോധനയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. 20നും 30നും ഇടയ്ക്കാണ് ഇവിടെ പോസിറ്റിവിറ്റി നിരക്ക്. 162 രോഗികളാണ് ഇപ്പോൾ പഞ്ചായത്തിലുള്ളത്. അതുകൊണ്ട് തന്നെ ലോക്ഡൗൺ സമാന നിയന്ത്രണങ്ങളാണ് ഇടവെട്ടി പഞ്ചായത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രോഗികൾ കൂടുതലുള്ള സാഹചര്യത്തിൽ പരിശോധന കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് പറഞ്ഞു.