മൂന്നാർ: ഗ്യാപ്പ് റോഡ് നിർമാണത്തിന്റെ മറവിൽ അനധികൃതമായി വൻ തോതിൽ പാറപ്പൊട്ടിച്ച് കടത്തിയെന്ന ആരോപണത്തെ തുടർന്ന് റവന്യു, പൊതുമരാമത്ത്, ജിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് സംയുക്ത പരിശോധന ആരംഭിച്ചു. ആദ്യഘട്ടത്തിൽ റോഡിന്റെ സ്‌കെച്ച് തയ്യാറാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ഇവിടെ 2018 മുതൽ നിരന്തരം മലയിടിച്ചിലും വൻതോതിൽ ഉരുൾപൊട്ടലുകളും ഉണ്ടായിരുന്നു. അനിയന്ത്രിതമായ പാറഖനനമാണ് ഇതിന് കാരണമെന്ന് കാട്ടി കോഴിക്കോട് എൻ.ഐ.ടി സംഘം കഴിഞ്ഞ സെപ്തംബറിൽ റിപ്പോർട്ട് നൽകിയിരുന്നു. അടുത്തിടെ ഇവിടെ നിന്ന് പാറപ്പൊട്ടിച്ച് കടത്താൻ ശ്രമിച്ചത് ചെമ്മണ്ണാറിൽ നിന്ന് റവന്യു സംഘം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ജില്ലാ കളക്ടർ ഇടപെട്ട് സർവേ നടത്തി പൊട്ടിച്ച പാറയുടെയും ഉപയോഗിച്ചതിന്റെയും അളവ് കണ്ടെത്താൻ തീരുമാനം എടുത്തത്. ദേവികുളം സബ്കളക്ടർക്കാണ് ഇതിന്റെ മേൽനോട്ട ചുമതല. ദേവികുളം, ഉടുമ്പൻചോല താലൂക്കിലെ സർവേ സംഘങ്ങൾ, പൊതുമരാമത്ത് അധികൃതർ എന്നിവരാണ് ആദ്യഘട്ടത്തിൽ പരിശോധന നടത്തുന്നത്. റോഡിന് അനുവദിച്ചിരിക്കുന്ന സ്ഥലം സംബന്ധിച്ച് സ്‌കെച്ച് തയ്യാറാക്കി ഇവിടെ നിന്ന് എത്രദൂരം ഉള്ളിലേക്ക് പാറപൊട്ടിച്ചുവെന്നതാണ് നോക്കുന്നത്. സ്‌കെച്ച് തയ്യാറാക്കിയ ശേഷമാകും ജിയോളജി വിഭാഗം പരിശോധന നടത്തുക.
അശാസ്ത്രീയ നിർമ്മാണം
300 കോടിയോളം രൂപയ്ക്കാണ് റോഡ് നിർമാണത്തിന് കരാർ നൽകിയത്. ബ്രിട്ടീഷ് ഭരണ കാലത്ത് 1940കളിൽ പണി പൂർത്തിയായ പ്രകൃതിമനോഹാരിത നിറഞ്ഞ ഗ്യാപ്പ് റോഡാണ് പിന്നീട് നടന്ന അശാസ്ത്രീയമായ നിർമാണത്തെ തുടർന്ന് ഇല്ലാതായത്.