തൊടുപുഴ: മുട്ടം- കരിങ്കുന്നം കുടിവെള്ള പദ്ധതികൾക്ക് 61.14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. ഇതിന്റെ സാങ്കേതിക അനുമതിയും ഉടൻ ലഭിക്കും. കേരളാ വാട്ടർ അതോറിട്ടിയാണ് ഇതിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. നബാർഡ് ധന സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മുട്ടം, കരിങ്കുന്നം ഗ്രാമപഞ്ചായത്തുകളിലെ ശുദ്ധജല വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും എല്ലാ പ്രദേശങ്ങളിലും ജല വിതരണം നടത്തുന്നതിനും പദ്ധതി സഹായകമാകും. കൂടാതെ ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളിൽ കുടിവെള്ള കണക്ഷനുകൾ നൽകുന്നതിനും പൈപ്പ് ലൈനുകൾ ദീർഘിപ്പിക്കുന്നതിനും 12 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.

ജലജീവൻ മിഷന്റെ നിയോജക മണ്ഡലം തല അവലോകന യോഗവും ഇന്നലെ നടന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 27222 ഗാർഹിക കണക്ഷനുകൾ നൽകുന്നതിന് 110.29 കോടി രൂപയുടെ ഭരണാനുമതി ജലജീവൻ മിഷൻ പദ്ധതിയിൽ ലഭിച്ചിരുന്നതിൽ 7316 കുടിവെള്ള കണക്ഷനുകൾ ഇതുവരെ നൽകി. ഈ വർഷം 11713 കണക്ഷനുകൾ നൽകുന്നതിനുള്ള പദ്ധതികൾ ജല അതോറിറ്റിയും ജലനിധിയും തയ്യാറാക്കി ഭരണാനുമതിയ്ക്കായി ഗവൺമെന്റിലേക്ക് സമർപ്പിച്ചിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു. എല്ലാ വീടുകളിലേയ്ക്കും ടാപ്പിലൂടെ കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതികൾ നിർവ്വഹണ ഏജൻസികൾ തയ്യാറാക്കി വരുന്നുണ്ട്. കൂടാതെ ഓരോ ഗ്രാമപഞ്ചായത്തും വില്ലേജ് ആക്ഷൻ പ്ലാനും തയ്യാറാക്കേണ്ടതുണ്ട്. നിർവ്വഹണ ഏജൻസികൾ ഇതുവരെ തയ്യാറാക്കിയിരിക്കുന്ന പദ്ധതികളും കഴിഞ്ഞ വർഷം തയ്യാറാക്കിയ ചില പദ്ധതികളുടെ പുതുക്കിയ എസ്റ്റിമേറ്റും ജില്ലാ തലത്തിൽ പാസാക്കി സംസ്ഥാന ജലജീവൻ മിഷനിൽ അംഗീകാരം നേടുന്നതിനായി സമർപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ 50 ശതമാനം, സംസ്ഥാന സർക്കാർ 25 ശതമാനം, ഗ്രാമപഞ്ചായത്ത് 15 ശതമാനം, ഗുണഭോക്തൃ വിഹിതം 10 ശതമാനം എന്നിങ്ങനെയാണ് ഈ പദ്ധതിക്ക് ഫണ്ട് ലഭ്യമാക്കുന്നത്. കുടിവെള്ള വിതരണം സുഗമമാക്കുന്നതിനും പൊട്ടിയ പൈപ്പ് ലൈൻ നന്നാക്കുന്നതിനും കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് വിതരണ ലൈനുകൾ സ്ഥാപിക്കുന്ന കാര്യവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ യോഗത്തിൽ അവതരിപ്പിച്ചു. യോഗത്തിൽ ഉയർന്ന പരാതികളിൻമേൽ അടിയന്തര തീരുമാനം ഉണ്ടാക്കണമെന്നും എം.എൽ.എ നിർദ്ദേശിച്ചു.