നെടുങ്കണ്ടം: മാലിന്യം ശേഖരിക്കാനായി നിർമിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണ് അന്യസംസ്ഥാന തൊഴിലാളികളുടെ രണ്ട് വയസുകാരനായ മകൻ മരിച്ചു. ബംഗാൾ സ്വദേശി സുഭാഷ്ദാസ്- മീനാക്ഷി ദമ്പതികളുടെ മകൻ ദീപക് ദാസാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.45നായിരുന്നു സംഭവം. ഉടുമ്പൻചോലയിലെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ ജീവനക്കാരാണ് സുഭാഷ് ദാസും മീനാക്ഷിയും. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടിനു സമീപം മാലിന്യ നിർമാർജനത്തിനു കുഴിയെടുത്തിരുന്നു. ഇന്നലെ പെയ്ത കനത്ത മഴയിൽ മാലിന്യം ശേഖരിക്കാൻ നിർമിച്ച കുഴിയിൽ വെള്ളം നിറഞ്ഞിരുന്നു. കുഴിയുടെ സമീപത്തായി ദീപക്കും മറ്റു കുട്ടികളും കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ കാൽ വഴുതി ദീപക് വെള്ളം നിറഞ്ഞ കുഴിയിൽ വീണു. മറ്റ് കുട്ടികളുടെ ബഹളം കേട്ട് സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ദീപകിനെ കുഴിയിൽ നിന്നെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉടുമ്പഞ്ചോല സി. ഐ ഷൈനിന്റെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു. തുടർന്ന് മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പാറത്തോട് പൊതുശ്മശാനത്തിൽ സംസ്കരിച്ചു. സംഭവത്തിൽ ഉടുമ്പൻചോല പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.