case-diary-

കുമളി: പുരയിടത്തിന് സമീപം മാലിന്യം നിക്ഷേപിച്ചെന്നാരോപിച്ച് വീട്ടമ്മ അയൽവാസിയായ യുവാവിന്റെ കൈപ്പത്തി വാക്കത്തി കൊണ്ട് വെട്ടിമാറ്റി. അണക്കര ഏഴാംമൈൽ കോളനിയിൽ താഴത്തേ പടവിൽ മനുവിന്റെ (30) കൈപ്പത്തിയാണ് വെട്ടിമാറ്റിയത്. സംഭവത്തെ തുടർന്ന് അയൽവാസിയായ പട്ടശേരിയിൽ ജോമോൾ ഒളിവിലാണ്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ജോമോൾ താമസിക്കുന്ന പുരയിടത്തിനോട് ചേർന്നുള്ള പറമ്പിൽ മനുവിന്റെ കുട്ടിയുടെ ഡയപ്പർ ഉൾപ്പടെയുള്ളവ കൊണ്ടിട്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വഴക്കിനിടെ പെട്ടെന്ന് ജോമോൾ വാക്കത്തി കൊണ്ട് മനുവിന്റെ ഇടത് കൈയിൽ വെട്ടുകയായിരുന്നു. വെട്ടിന്റെ ശക്തിയിൽ കൈപ്പത്തി തെറിച്ച് നിലത്ത് വീണു. ഗുരുതരമായി പരിക്കുപറ്റിയ മനുവിനെ വിദഗ്ദ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇരു വീട്ടുകാരും മുമ്പും പല വിഷയങ്ങളിലും തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയായ ജോമോളിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.