മുട്ടം: അന്താരാഷ്ട്ര യോഗദിനാചാരണത്തിന്റെ ഭാഗമായി തൊടുപുഴ ബ്ലോക്ക്‌ ആയുഷ്ഗ്രാം പദ്ധതിയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കമായതായി ആയുഷ് ഗ്രാം നോഡൽ ആഫീസർ ഡോ. റോസ്‌ലിൻ ജോസ് അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിൽ നിന്ന് തിരഞ്ഞെടുത്ത വ്യക്തികൾക്കായി ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് വെബ്ബിനാർ നടത്തി. പോസ്റ്റ്‌ കൊവിഡ് കെയർ മാനേജ്മെന്റ് പദ്ധതി സംബന്ധിച്ച് ആയുഷ്ഗ്രാം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ആഫീസർ ഡോ: രഹ്ന സിദ്ധാർത്ഥനൻ വെബ്ബിനാറിൽ സംസാരിച്ചു. കൊവിഡാനന്തര ദിനചര്യയിൽ യോഗ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ജില്ലാ ആയുർവേദ ആശുപത്രി യോഗ പ്രൊജക്ട് മെഡിക്കൽ ആഫീസർ ഡോ. പ്രദീപ് ദാമോദരൻ ലൈവ് യോഗ ഡെമോൻസ്ട്രേഷനും നടത്തി. 20ന് വൈകിട്ട് മൂന്ന് മുതൽ നാല് വരെ പി.സി.ഒ.ഡി എന്ന വിഷയത്തിൽ ഡോ. രഹന സിദ്ധാർത്ഥൻ സംസാരിക്കും. തുടർന്ന് ഇടുക്കി ആയുഷ് വെൽനെസ് സെന്റർ യോഗാ ഇൻസ്‌ട്രക്ടർ ഡോ. ലയ മേരിജോൺ ലൈവ് യോഗ ഡെമോൺസ്ട്രേഷൻ നടത്തും. 21ന് കുടുംബശ്രീ പ്രവർത്തകർക്കായി സ്‌ട്രെസ് മാനേജ്മെന്റ് ടെക്നിക്സ് ഇൻ യോഗാ എന്ന വിഷയത്തിൽ ക്ലാസും ലൈവ് ഡെമോൻസ്ട്രേഷനും നടത്തും.