ഇടുക്കി: മെഡിക്കൽ കോളേജിൽ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പുതിയ ഐ.സി.യു ആംബുലൻസിന്റെ ഫ്ളാഗ് ഒഫ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മെഡിക്കൽ കോളേജിന്റെ വികസനത്തിന് സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെയും ജില്ലാ ഭരണകൂടത്തിന്റെയും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ എച്ച്. ദിനേശൻ അദ്ധ്യക്ഷനായിരുന്നു. 33.5 ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയ ഡി ലെവൽ ഐ.സി.യു ആംബുലൻസിൽ ആധുനിക സൗകര്യങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട്. കുട്ടികളെ ഉൾപ്പെടെയുള്ളവരെ സമയബന്ധിതമായി ഉന്നത ചികിത്സയ്ക്ക് മറ്റാശുപത്രിയിലെത്തിക്കാൻ സാധിക്കും. കെ.എസ്.ഇ.ബിയുടെ ഫണ്ട് ചിലവഴിച്ച് പുതിയതായി മെഡിക്കൽ കോളേജിൽ സ്ഥാപിച്ച ഓക്‌സിജൻ പ്ലാന്റ് മന്ത്രി സന്ദർശിച്ചു. പരിപാടിയിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് രവികുമാർ എസ്.എൻ, ആർ.എം.ഒ അരുൺ എസ്, സി.വി. വർഗീസ്, ജോസ് കുഴികണ്ടം, ഡോ. ദീപേഷ് വി.വി, ഷിജോ തടത്തിൽ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.