കുമാരമംഗലം : കൊവിഡ് മുക്തരായവർ അനുഭവിക്കുന്ന ശാരീരിക അവശതകൾക്ക് പരിഹാരമാകുന്ന ഫിസിയോ തെറാപ്പി ടെലികൗൺസലിങ് പ്രോഗ്രാമിന് കുമാരമംഗലം പഞ്ചായത്തിൽ തുടക്കമായി. കുമാരമംഗലം ഗ്രാമ പഞ്ചായത്തും കേരള അസോസിയേഷൻ ഫോർ ഫിസിയോ തെറാപ്പിസ്റ്റ് കോ ഓർഡിനേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഈ പദ്ധതിയുടെ സേവനം തികച്ചും സൗജന്യമാണ്. എല്ലാ ദിവസവും 8547448842, 9400964273 എന്നീ നമ്പറുകളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 മണി വരെയുള്ള സമയത്ത് വിളിച്ചാൽ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ ലഭ്യമാണ്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസർ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഉഷ രാജശേഖരൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സജി ചെമ്പകശേരി, വികസനകാര്യ ചെയർപേഴ്‌സൺ ഗ്രേസി തോമസ്, ക്ഷേമ കാര്യ ചെയർപേഴ്‌സൺ സിബിൻ വർഗീസ് എന്നിവർ സംസാരിച്ചു.