തൊടുപുഴ: കാരിക്കോട്- വെള്ളിയാമറ്റം റോഡിലെ അപകടാവസ്ഥയിലായ കുമ്പംകല്ല് പാലം പുനർനിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് തൊടുപുഴ മുനിസിപ്പൽ കമ്മിറ്റി പി.ജെ. ജോസഫ് എം.എൽ.എയ്ക്ക് നിവേദനം നൽകി. 60 വർഷത്തെ പഴക്കമുള്ള ഈ പാലം ബലഹീനമായ അവസ്ഥയിലാണുള്ളത്. മുമ്പ് പാലം ബലപ്പെടുത്തുന്നതിനായി നടത്തിയ വർക്കുകൾ കൊണ്ട് കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ല. ഏറെ തിരക്കേറിയ റൂട്ടാണിത്. കാലപ്പഴക്കം ചെന്ന പാലം വീതികൂട്ടി പുനർനിർമ്മിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ പാലം ഉയർത്തുകയും വേണം.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കാരിക്കോട് കുന്നം റോഡിലെ രണ്ടുപാലത്തുള്ള പാലവും കാലപ്പഴക്കം ചെന്നതാണ്. അപകടാവസ്ഥയിലുള്ള ഈ പാലവും പുനർനിർമ്മിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റും നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ എം.എ. കരിം, മുനിസിപ്പൽ ലീഗ് ജന.സെക്രട്ടറി അഡ്വ. സി കെ ജാഫർ, എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. നഗരസഭാ കൗൺസിലർമാരായ സഫിയ ജബ്ബാർ, ഷഹന ജാഫർ, റസിയ കാസിം, സാബിറ ജലീൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.