തൊടുപുഴ: മാതാപിതാക്കളുടെ സാമ്പത്തിക പാരാധീനതകൾ മൂലം സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം ആരംഭിക്കാൻ സാധിക്കാത്ത കുട്ടികളെ സഹായിക്കുന്നതിന് തൊടുപുഴ നഗരസഭയിൽ സ്മാർട്ട് ഫോൺ ചലഞ്ച് ആരംഭിച്ചതായി ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു. സ്മാർട്ട് ഫോൺ ഇല്ലാത്ത നിരവധി കുട്ടികളുടെ അപേക്ഷകളാണ് ചെയർമാന് ലഭിക്കുന്നത്. വാങ്ങി നൽകുന്നതിനുളള പദ്ധതികൾ നിലവിൽ നഗരസഭയ്ക്കില്ല. വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, മറ്റ് കൂട്ടായ്മകൾ എന്നിവരുടെ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഈ പദ്ധതി നടപ്പാക്കാൻ സാധിക്കൂ. സ്മാർട്ട് ഫോൺ വാങ്ങി നൽകാൻ തയ്യാറുള്ളവർക്ക് കുട്ടികളുടെ ലിസ്റ്റ് കൈമാറും. അവർക്ക് തന്നെ നേരിട്ട് കുട്ടികൾക്ക് നൽകാം. ഇത്തരത്തിൽ കുട്ടികളെ സഹായിക്കുന്നതിന് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളതാണ്. ഈ പദ്ധതിയിൽ പങ്കാളികളായി കുട്ടികൾക്ക് പഠനസൗകര്യമെത്തിക്കുന്നതിന് എല്ലാവരും തയ്യാറാകണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു. താത്പര്യമുള്ളവർക്ക് ചെയർമാനുമായി നേരിട്ട് ബന്ധപ്പെടാം. ഫോൺ: 8075171563 9747957237.