തൊടുപുഴ: മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി)ജില്ലാകമ്മിറ്റിയുടെ നേത്യത്വത്തിൽ മോട്ടോർ ക്ഷേമനിധി ആഫീസിന് മുന്നിൽ നടത്തിയ ധർണ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.എസ്. സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് എം.കെ ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ നിധിയിൽ രജിസ്റ്റർ ചെയ്ത മുഴുവൻ തൊഴിലാളിക്കും 5,000 രൂപ ധനസഹായം അനുവദിക്കുക, രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് തിരിച്ചടയ്ക്കുന്ന വ്യവസ്ഥയിൽ 10,000 രൂപ പലിശ രഹിത വായ്പ നൽകുക, ഒരു വർഷത്തെ തൊഴിലാളികളുടെ അംശാദായം പൂർണമായും ഒഴിവാക്കുക, കൊവിഡ് വ്യാപനം കാരണം അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത സ്‌കാറ്റേഡ് തൊഴിലാളികൾക്ക് ഒരു തവണ കൂടി അപേക്ഷ സമർപ്പിക്കാൻ അവസരം നൽകുക, അവർക്ക് നിലവിലുള്ള 1000 രൂപ നിരക്കിലുള്ള സഹായം അനുവദിക്കുകയും ചെയ്യുക, ക്ഷേമനിധി അംഗങ്ങളുടെ കുട്ടികൾക്ക് ഓൺ ലൈൻ വിദ്യാഭ്യാസ സൗകര്യം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സഹായ പദ്ധതി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. അല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുമ്പോട്ടു പോകുമെന്ന് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പറഞ്ഞു. യോഗത്തിൽ കെ.പി. റോയി, കെ.എസ്. ജയകുമാർ, ഡി. രാധാകൃഷ്ണൻ എൻ.ഐ. സലീം എന്നിവർ പ്രസംഗിച്ചു.