കുമളി: സുഹൃത്തായ പെൺകുട്ടിയോട് സംസാരിച്ചതിന് യുവാക്കൾ മദ്യലഹരിയിൽ കൗമാരക്കാരെ രണ്ട് മണിക്കൂറുകളോളം ആളൊഴിഞ്ഞ സ്ഥലത്തെ മോട്ടോർ പുരയിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. വ്യാഴാഴ്ച രാത്രി കുമളി റോസാപ്പൂക്കണ്ടം ഭാഗത്തായിരുന്നു സംഭവം. റോഡരികിൽ പെൺകുട്ടിയോട് സംസാരിക്കുന്നത് കണ്ട രണ്ട് കൗമാരക്കാരെ യുവാക്കൾ ചോദ്യം ചെയ്യുകയായിരുന്നു. പെൺകുട്ടി വീട്ടിലേയ്ക്ക് പോയതിന് പിന്നാലെ സംഘം രണ്ട് പേരെയും സമീപത്തെ മോട്ടോർപുരയിലെത്തിച്ച് ഷർട്ട് അഴിച്ച് കൈയിൽ കെട്ടിയിട്ട് മുട്ടുകുത്തി ഇരുത്തിച്ചു. തുടർന്ന് പുറത്ത് ബിയർ കുപ്പിക്ക് അടിച്ചു. വീട്ടിൽ നിന്ന് കുട്ടികളെ ഫോണിൽ വിളിച്ചപ്പോൾ മർദ്ദന വിവരം പുറത്ത് പറയാതിരിക്കാൻ സംഘം ഭീഷണിപ്പെടുത്തി. മർദ്ദനത്തിൽ തളർന്ന കുട്ടികളെ രണ്ട് മണിക്കൂറിന് ശേഷം കെട്ടഴിച്ചു വിടുകയായിരുന്നു. ഒരു കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മുക്കാൽ പവനോളം വരുന്ന മാലയും മൊബൈൽ ഫോണും 100 രൂപയും അക്രമികൾ കൈക്കലാക്കിയതായും പരാതിയുണ്ട്. വീട്ടിലെത്തിയ വിദ്യാർത്ഥികൾ വിവരം വീട്ടുകാരെ അറിയിച്ചു. തുടർന്ന് ഇവരെ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടലറിയുന്നവർക്കെതിരെ കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു.