തൊടുപുഴ: കാറ്റഗറി ബിയിൽപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ കിട്ടിയ ഇന്നലെ പ്രധാന ടൗണുകൾ തിരക്കിലമർന്നതോടെ ഒരിടവേളയ്ക്ക് ശേഷം വിപണിയും ഉണർന്ന് തുടങ്ങി. ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് എട്ടിനും ഇരുപതിനും ഇടയിലുള്ള (കാറ്റഗറി ബി) തദ്ദേശ സ്ഥാപനങ്ങൾക്കാണ് ഇന്നലെ ഇളവുകൾ ലഭിച്ചത്. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ കൂടാതെ മറ്റ് സ്ഥാപനങ്ങൾക്കും തുറക്കാൻ അനുമതിയുണ്ടായിരുന്നു. ഇവിടേക്ക് ആളുകൾ കൂട്ടത്തോടെ എത്തി. ബാങ്കുകളുടെ മുമ്പിലാണ് ഏറ്റവുമധികം തിരക്കുണ്ടായത്. ഇതുകൂടാതെ ഏറെ നാളായി അടഞ്ഞുകിടന്ന തുണിക്കടകളിലും സ്വർണക്കടകളിലും തിരക്കനുഭവപ്പെട്ടു. എന്നാൽ പലയിടത്തും സാമൂഹിക അകലം പാലിക്കപ്പെട്ടില്ല. തൊടുപുഴ, കട്ടപ്പന, അടിമാലി നഗരങ്ങളിൽ ദിവസം മുഴുവൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നഗരത്തിൽ വാഹനത്തിരക്കുണ്ടെങ്കിലും കടകളിൽ ആളുകളെത്തുന്നത് കുറവാണെന്നാണ് വ്യാപാരികൾ പറയുന്നത്. ചില കടകളിൽ മാത്രമാണ് അൽപമെങ്കിലും കച്ചവടം നടക്കുന്നത്. പൊതു ഗതാഗത സംവിധാനങ്ങൾ വേണ്ടത്ര ഓടാത്തതാണ് ജനങ്ങൾ ഇറങ്ങാൻ തടസമെന്നാണ് ഇവർ പറയുന്നത്. എല്ലാവരും സ്വന്തം വാഹനങ്ങളിൽ എത്തുന്നതിനാൽ നഗരത്തിൽ നല്ല തിരക്കുമനുഭവപ്പെടുന്നുണ്ട്. റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗത കുരുക്കിനും ഇടയാക്കുന്നു. അതേസമയം ഇളവുകളുടെ ദിവസങ്ങളിൽ തിരക്ക് കൂടുന്നത് കുറഞ്ഞിരിക്കുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർത്തുമോ എന്നാണ് ആശങ്ക.
' വ്യാപാരസ്ഥാപനങ്ങളിൽ നല്ല കച്ചവടമാകണമെങ്കിൽ പൊതുഗതാഗത സംവിധാനം ആരംഭിക്കണം. കൂടുതൽ ഇളവുകൾ ലഭ്യമാകണം. ആളുകൾ നിയന്ത്രണങ്ങളൊഴിവായതോടെ നഗരത്തിലേക്കിറങ്ങുന്നതാണ്. അതിന് അനുസരിച്ച് കച്ചവടം ലഭിക്കുന്നില്ല. തൊടുപുഴ നഗരത്തിന് സമീപമുള്ള പഞ്ചായത്തുകളിലുള്ളവരും തൊടുപുഴയിലാണ് പരിശോധന നടത്തുന്നത്. ഇതാണ് നഗരത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടാൻ കാരണം"
-ടി.സി. രാജു തരണിയിൽ (മർച്ചന്റ്സ് അസോസിയേഷൻ തൊടുപുഴ യൂണിറ്റ് പ്രസിഡന്റ്)