ചെറുതോണി : ജില്ലയുടെ സമഗ്ര മേഖലകളിലും വികസനമെത്തിക്കുന്നതിനായി മുഖ്യമന്ത്രി പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് വിവിധ വകുപ്പുകളുടെ കൂട്ടായ്മയിലൂടെ നടപ്പിലാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളാ കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊവിഡ് വ്യാപനം രൂക്ഷമായതോടെ കാർഷിക ടൂറിസം മേഖലയിലുണ്ടായ തകർച്ച, തൊഴിലുകളുടെ അഭാവം, ആരോഗ്യമേഖലയിലെ പ്രതിസന്ധികൾ, സാമ്പത്തിക അനിശ്ചിതാവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങൾ മറികടക്കേണ്ടതായിട്ടുണ്ട്. ഇതിനായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള പാക്കേജിന്റെ ഭാഗമായി വിവിധ വകുപ്പുകളിൽ കൂടുതൽ തുക വകയിരുത്തുന്നതിനും ഹൃസ്വകാല,ദീർഘകാല പദ്ധതികൾ ഏറ്റെടുത്ത് സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനും നാണ്യവിളകളുടേയും കാർഷികകാർഷികേതര ഉല്പന്നങ്ങളുടെ ഉല്പാദനവും വിപണനവും സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കും.ഇടുക്കി മെഡിക്കൽ കോളേജ് പൂർണ്ണസജ്ജീകരണത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടിയോടൊപ്പം ജില്ലാ,താലൂക്ക് പ്രാഥമിക ആശുപത്രികൾ കൂടുതൽ പ്രവർത്തന സജ്ജമാക്കും.ജില്ലയിലെ കർഷകർക്ക് പട്ടയം നൽകുന്ന നടപടികൾ തുടരുകയാണ്. ഇതോടൊപ്പം ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടപോകുമെന്നും മന്ത്രി പറഞ്ഞു. പട്ടയഭൂമിയിൽ കർഷകർ നട്ടുപിടിപ്പിച്ച മരങ്ങൾ വെട്ടുന്നതിനുള്ള അവകാശം കർഷകർക്ക് തന്നെ നൽകുന്ന ഉത്തരവ് തുടരണമെന്നും നിലവിലുള്ള ഉത്തരവിലെ പഴുതുകളുണ്ടെങ്കിൽ പരിഹരിക്കുക മാത്രമാണ് വേണ്ടതെന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു.സ് യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അലക്‌സ് കോഴിമല, രാരിച്ചൻ നീറണാംകുന്നേൽ, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ബാബു കക്കുഴി, ഷാജി കാഞ്ഞമല, ജിൻസൺ വർക്കി, ജിമ്മി മറ്റത്തിപ്പാറ, അഡ്വ. എം.എം മാത്യു, കുര്യാക്കോസ് ചിന്താർമണി, ടോമി പകലോമറ്റം, അഡ്വ. മനോജ് എം. തോമസ്, എന്നിവർ സംസാരിച്ചു.