കട്ടപ്പന: പുറ്റടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ശൗചാലയ മന്ദിര നിർമാണത്തെ തുടർന്നുണ്ടായ തർക്കത്തിന്റെ അടിസ്ഥാനത്തിൽ കളക്ടർ എച്ച്. ദിനേശൻ സ്ഥലം സന്ദർശിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും വണ്ടൻമേട് ഗ്രാമപഞ്ചായത്തും തമ്മിലുള്ള തർക്കത്തെ തുടർന്ന് നിലവിൽ നിർമാണം താത്കാലികമായി നിർത്തിയിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ ടേക്ക് ഓഫ് ബ്രേക്ക് എന്ന പദ്ധതിയിൽ പെടുത്തിയാണ് ആശുപത്രിയുടെ മുൻവശത്ത് ശൗചാലയ മന്ദിരം നിർമിക്കാൻ തീരുമാനിച്ചത്. തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് 3 സെന്റ് സ്ഥലം വിട്ടുനൽകി. എന്നാൽ ആശുപത്രിയിൽ എത്തുന്നവർക്ക് പുറമേ വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ നിർമാണം ആരംഭിച്ചു. എന്നാൽ വണ്ടൻമേട് പഞ്ചായത്ത് കൂടുതൽ സ്ഥലം ഉപയോഗിച്ചുവെന്നാണ് ബ്ലോക്കിന്റെ ആരോപണം. അതേസമയം ഹൈവേയിൽ നിന്ന് 15 മീറ്റർ മാറിയാണ് കെട്ടിടം നിർമിച്ചതെന്ന് വണ്ടൻമേട് പഞ്ചായത്ത് പറയുന്നു. തർക്കത്തെ തുടർന്ന് കളക്ടറുടെ നിർദേശപ്രകാരമാണ് ഒരു മാസം മുമ്പ് നിർമാണം താത്കാലികമായി നിർത്തിയത്. തുടർന്ന് അദ്ദേഹം നേരിട്ട് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അതേസമയം ശൗചാലയ മന്ദിരം മാറ്റി നിർമിക്കാൻ ആവശ്യമായ ക്രമീകരണം ചെയ്യുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ പറഞ്ഞു. ആശുപത്രി വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കുകയാണെന്നും ഇപ്പോൾ നിർമിക്കുന്ന കെട്ടിടം വികസനത്തിന് തടസമാണെന്നും അദ്ദേഹം പറഞ്ഞു.