തൊടുപുഴ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗ്രാമ സഭകളും വാർഡ് സഭകളും വാർഡ് കമ്മിറ്റികളും കൂടുന്നതിന് കഴിയാത്ത സാഹചര്യത്തിൽ 2020- 21 വാർഷിക പദ്ധതിയിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക നടപടി ക്രമങ്ങൾ നിശ്ചയിച്ചു. കഴിഞ്ഞ വർഷത്തെ സമാന സ്ഥിതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തവണയും പ്രത്യേക നടപടി ക്രമം നിശ്ചയിച്ചത്. നെൽകൃഷി, പച്ചക്കറി കൃഷി തുടങ്ങി കാർഷിക മേഖലയിൽ ആവർത്തന സ്വഭാവമുള്ള പദ്ധതികൾ എല്ലാ വർഷവും നടപ്പിലാക്കി വരുന്നതിനാൽ ഇത്തരം പദ്ധതികളുടെ കാര്യത്തിൽ മുൻവർഷത്തെ ഗുണഭോക്തൃ പട്ടിക അടിസ്ഥാനമാക്കി അതിൽ ഒഴിവാക്കലും കൂട്ടിച്ചേർക്കലും വരുത്തി പുതിയ ഗുണഭോക്തൃ പട്ടിക തയ്യാറാക്കണം.പദ്ധതിയിൽ താത്പര്യമില്ലാത്തവരെ ഒഴിവാക്കി പുതുതായി താത്പര്യം പ്രകടിപ്പിക്കുന്നവരുടെ അപേക്ഷ സ്വീകരിച്ച് മുൻഗണന മാനദണ്ഡങ്ങൾ പരിശോധിച്ച് പട്ടികയിൽ ഉൾപ്പെടുത്താം. ആവർത്തന സ്വഭാവം ഇല്ലാത്ത ഉത്പാദന, സേവന മേഖലകളിലെ പദ്ധതികളുടെ കാര്യത്തിൽ പുതുതായി അപേക്ഷ സ്വീകരിച്ച് ഗുണഭോക്തൃ പട്ടിക തയ്യാറാക്കണം. പുതിയ അപേക്ഷ സ്വീകരിക്കുന്നതിനും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള സമ്മതപത്രം സ്വീകരിക്കുന്നതിനും നവീന ഇലക്ട്രോണിക്‌സ് മാർഗങ്ങൾ സ്വീകരിക്കാമെന്നാണ് നിർദേശം.
മുൻഗണനാ പട്ടിക തയ്യാറാക്കും
കരട് മുൻഗണന പട്ടിക തയ്യാറാക്കുന്നതിനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥനും തദ്ദേശ സ്ഥാപനത്തിന്റെ അദ്ധ്യക്ഷൻ നിയോഗിക്കുന്ന ഉദ്യോഗസ്ഥനും അടങ്ങിയ കമ്മിറ്റിക്കായിരിക്കും. ഈ കമ്മിറ്റികൾ തയ്യാറാക്കുന്ന മുൻഗണന പട്ടികകൾ ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേർന്ന് പരിശോധിച്ച് ശുപാർശ നൽകുന്നതിന്റെ അടിസ്ഥാനത്തിൽ ഭരണ സമിതിയ്ക്ക് അംഗീകാരം നൽകാം. അന്തിമമാക്കുന്ന ഗുണഭോക്തൃ പട്ടികകൾ തദ്ദേശ സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡിലും വെബ്‌സൈറ്റിലും നവ മാദ്ധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തണം.
നടപടികൾ
സമയബന്ധിതമായി
ഗുണഭോക്തൃ തിരഞ്ഞെടുപ്പ് സംബന്ധിച്ച നടപടികൾ ജൂലായ് 17നകം പൂർത്തിയാക്കി ഏറ്റവും ആദ്യം ചേരുന്ന ഗ്രാമസഭ, വാർഡ് സഭകളിൽ അവതരിപ്പിക്കണമെന്നും നിർദേശമുണ്ട്.