* ജിംനേഷ്യങ്ങൾ ഇനിയെങ്കിലും തുറക്കണമെന്ന ആവശ്യം ശക്തം
തൊടപുഴ: ലോക്ക് ഡൗൺ ഇളവുകൾ ഭാഗികമായി നിലവിൽ വന്ന് മദ്യശാലകൾ വരെ തുറന്നിട്ടും ഇനിയും ഹെൽത്ത് ജിംനേഷ്യങ്ങൾക്ക് തുറക്കാൻ അനുമതി നൽകാത്തത് നിരവധിപേരെ ബുദ്ധിമുട്ടിലാക്കുന്നു. പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ പ്രായമായവരടക്കമുള്ള ലക്ഷക്കണക്കിന് പേരാണ് ജിമ്മുകളെ ആശ്രയിക്കുന്നത്. ജിമ്മുകൾ അടച്ചതോടെ ഇവരുടെ വ്യായാമം മുടങ്ങി. ഇതുമൂലം ഇത്തരക്കാരുടെ ആരോഗ്യസ്ഥിതി മോശമായി രോഗം കൂടുന്ന അവസ്ഥയാണ്. ജിമ്മുകൾ അടഞ്ഞിട്ട് ഒന്നര മാസമാകുമ്പോൾ ജീവനക്കാരും ഉടമകളും ജീവിതത്തിന്റെ ഫിറ്റ്‌നസ് നഷ്ടമായ അവസ്ഥയിലാണ്. ജില്ലയിൽ ചെറുതും വലുതുമായി അമ്പതോളം ജിമ്മുകൾ ഉണ്ട്. ഇവയിൽ ഭൂരിഭാഗവും സ്വയംതൊഴിൽ എന്ന നിലയിൽ യുവാക്കൾ ആരംഭിച്ചതാണ്. മിക്ക സ്ഥാപനങ്ങളിലും രണ്ട് മുതൽ 10 ജീവനക്കാരുണ്ടാകും. ലോക്ക് ഡൗണിന്റെ ഭാഗമായുള്ള ഒരു സാമ്പത്തിക ആനുകൂല്യവും ഇവർക്ക് ലഭിച്ചിട്ടുമില്ല. കർശനമായ നിബന്ധനളോടെയെങ്കിലും ഫിറ്റ്‌നസ് സെന്റുകൾ തുറക്കാൻ അനുമതി നൽകണമെന്നാണ് ഇവരുടെ അഭിപ്രായം.
രോഗവ്യാപന സാദ്ധ്യത കൂടുതൽ
നിരവധി പേർ വർക്കൗട്ട് ചെയ്യുന്ന ഫിറ്റ്‌നസ് സ്റ്റെന്ററുകളിൽ നിന്ന് കൊവിഡ് പകരാൻ സാദ്ധ്യത കൂടുതലാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കൊവിഡ് വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലെ ജിം ഉൾപ്പടെ എല്ലാ സ്ഥലങ്ങളിലും പോകുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. വിയർപ്പ് തുള്ളികളിലൂടെ വൈറസ് പടരില്ല. പക്ഷേ, രോഗബാധിതർ ജിമ്മിൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ നിന്ന് വൈറസ് മറ്റൊരാളിലേക്ക് പടരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.
ലക്ഷങ്ങളുടെ ബാദ്ധ്യത
ഒരു ജിം തുടങ്ങാൻ 15 ലക്ഷം മുതൽ കോടികൾ വരെ ചെലവ് വരും. പലരും ബാങ്ക് വായ്പയെടുത്താണ് ജിമ്മുകൾ ആരംഭിച്ചിട്ടുള്ളത്. ഇതുകൂടാതെ കെട്ടിട വാടക, വൈദ്യുതി ചാർജ്ജ്, ജീവനക്കാരുടെ ശമ്പളം, മെഷീനുകളുടെ അറ്റകുറ്റപണി എന്നിങ്ങനെ ഒരു ലക്ഷം രൂപയെങ്കിലും മാസം ചെലവ് വരും. അടച്ചിട്ടാലും ലോണും വാടകയും വൈദ്യുതി ബില്ലും അടയ്ക്കാതിരിക്കാനാകില്ല. ആദ്യ ലോക്ക് ഡൗണിൽ ഏഴ് മാസം അടച്ചിട്ടതിന്റെ സാമ്പത്തിക നഷ്ടത്തിൽ നിന്ന് ഇതുവരെ മോചിതരായിട്ടില്ല.
' ഒരു ജിമ്മിൽ നിന്നും കൊവിഡ് വ്യാപനമുണ്ടായതായി തെളിവില്ല. എന്നിട്ടും ഇതുവരെ ജിമ്മുകൾക്ക് പ്രവർത്തനാനുമതി നൽകാത്തതെന്താണെന്ന് അറിയില്ല. എം.എൽ.എ, മന്ത്രി തുടങ്ങിയവരെയെല്ലാം കണ്ട് തങ്ങളുടെ ബുദ്ധിമുട്ട് അറിയിച്ചതാണ്. ടി.പി.ആർ അഞ്ച് ശതമാനത്തിൽ താഴെയായാൽ തുറക്കുമെന്നാണ് പ്രതീക്ഷ. മദ്യശാലകളിലെ ക്യൂ കണ്ടിട്ട് ഇനിയും രോഗികളുടെ എണ്ണം കൂടാനാണ് സാദ്ധ്യത. മൂന്നാം തരംഗം വന്നാലും ആദ്യം അടയ്ക്കുന്നത് ജിമ്മുകൾ ആയിരിക്കും. സർക്കാർ ആനുകൂല്യങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കടക്കെണിയിലായ ജിം നടത്തിപ്പുകാർ പലരും മറ്റ് പല തൊഴിലുകൾ തേടി പോവുകയാണ്. ."
-സജിത് റസാഖ്, ജില്ലാ സെക്രട്ടറി (ബോഡി ബിൽഡിംഗ് അസോസിയേഷൻ ഒഫ് കേരള)