ഇടുക്കി: ട്രയൽ റണ്ണിനു ശേഷം വിക്ടേഴ്‌സ് ചാനൽ വഴി ഇന്നുമുതൽ ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും ടെലിവിഷൻ, ടാബ്ലെറ്റ്, ലാപ്‌ടോപ്പ്, മൊബൈൽ സംവിധാനങ്ങളിൽ ഏതെങ്കിലും വഴി ക്ലാസ്സുകൾ കാണുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തുമെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ -കോ ഓർഡിനേറ്റർ കെ. എ ബിനമോൻ പറഞ്ഞു.
ജൂൺ ആദ്യ ആഴ്ചയിലെ കണക്കുപ്രകാരം 4000 കുട്ടികൾക്കായിരുന്നു ഓൺലൈൻ അദ്ധ്യയനത്തിന് തടസ്സങ്ങൾ അനുഭവപ്പെട്ടിരുന്നത്. ഒരു സംവിധാനവും ലഭ്യമല്ലാതിരുന്ന 1185 കുട്ടികളാണ് അന്ന് ഉണ്ടായിരുന്നത്. പൊതുജന പങ്കാളിത്തത്തോടെ വാർഡ്, പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ വിദ്യാഭ്യാസ സമിതികളുടെ നേതൃത്വത്തിൽ ഓരോ വിദ്യാലയങ്ങളേയും കേന്ദ്രീകരിച്ച് ഈ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഉപകരണം എത്തിച്ചു നൽകിക്കൊണ്ടിരിക്കുകയാണ്. ആദിവാസി ഗോത്ര വിഭാഗം കുട്ടികൾക്കായുള്ള ട്രൈബൽ വകുപ്പിന്റെ സാമൂഹ്യ പഠന മുറികൾ, സമഗ്ര ശിക്ഷയുടെ പ്രാദേശിക പ്രതിഭ കേന്ദ്രങ്ങൾ, ഊരുവിദ്യാ കേന്ദ്രങ്ങൾ എന്നിവയിലൂടെ പ്രവർത്തിക്കുന്ന പൊതു പഠനകേന്ദ്രങ്ങൾ വഴി 2815 കുട്ടികൾക്ക് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. തമിഴ് മീഡിയം ക്ലാസ്സുകൾ യുട്യൂബ് വഴിയും ലോക്കൽ കേബിൾ നെറ്റ്വർക്ക് വഴിയുമാണ് നൽകുന്നത്. നെറ്റ് വർക്ക് ലഭിക്കാത്ത ഇടങ്ങളിൽ പെൻഡ്രൈവ് ഉപയോഗിച്ച് ക്ലാസ്സുകൾ കാണുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വൈദ്യുതി ഇല്ലാത്ത ഇടങ്ങളിൽ വൈദ്യുതി എത്തിക്കുന്നതിന് നെറ്റ് വർക്ക് ലഭ്യതക്കായി ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തിൽ നിന്നും വിഭിന്നമായി വിക്ടേഴ്‌സ് ചാനലിൽ ക്ലാസ് കണ്ട ശേഷം കുട്ടികൾക്ക് തുടർ പഠന പിന്തുണ നൽകുന്നതിനുള്ള സാധ്യതയും ഇക്കുറി ഉപയോഗപ്പെടുത്തും. ഇതിനായി സ്‌കൂൾ അദ്ധ്യാപകർ, വിദ്യാഭ്യാസ വോളണ്ടിയർമാർ, വാർഡ് തല വിദ്യാഭ്യാസ സമിതികൾ എന്നിവയുടെ സേവനം പ്രയോജനപ്പെടുത്തും.