തൊടുപുഴ: നിയന്ത്രണം വിട്ട കാറിടിച്ച് പാലത്തിന്റെ കൈവരി തകർന്നു. അമിത വേഗത്തിലെത്തിയ വാഹനം പുഴയിലേക്ക് പതിക്കാതെ റോഡിലേക്കു മറിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. നിസാര പരിക്കുകളോടെ കാർ ഡ്രൈവർ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി പത്തോടെ വെങ്ങല്ലൂർ- കോലാനി ബൈപാസിൽ വെങ്ങല്ലൂർ പാലത്തിലായിരുന്നു അപകടം. കോലാനി ഭാഗത്തു നിന്നു അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്കു പാഞ്ഞു കയറി കൈവരിയിൽ ഇടിച്ചു റോഡിലേക്ക് മറിയുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറയുന്നു. പ്രദേശവാസികളാണ് വാഹനത്തിൽ കുടങ്ങിയ ഡ്രൈവറെ പുറത്തിറക്കിയത്. ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിരുന്നു. വാഹനത്തിൽ നിന്ന് റോഡിലേക്കു വീണ ഓയിലും ഗ്ലാസും മറ്റും ഫയർഫോഴ്‌സ് കഴുകി നീക്കി. പാലാ, കൂത്താട്ടുകുളം ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ തൊടുപുഴ ടൗണിൽ പ്രവേശിക്കാതെ മൂവാറ്റുപുഴ, അടിമാലി മേഖലകളിലേക്കു പോകാൻ പ്രധാനമായി ആശ്രയിക്കുന്ന ബൈപാസ് റോഡാണിത്. വാഹനങ്ങളുടെ അമിത വേഗം മൂലം ഈ ബൈപാസിൽ അപകടങ്ങൾ പതിവാണെന്നു നാട്ടുകാർ പറയുന്നു. പാലത്തിന്റെ കൈവരി വീണ്ടും തകർന്നതു അപകട ഭീഷണി ഉയർത്തുന്നുണ്ട്. എത്രയും പെട്ടെന്ന് തകർന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടത്തി സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.