വാഴക്കുളം : പൈനാപ്പിൾ സിറ്റിയായ വാഴക്കുളത്തെ വ്യാപാരികൾ ചേർന്ന് സൗജന്യ കപ്പ വിതരണം ആരംഭിച്ചു.. വിതരണ ഉദ്ഘാടനം വാഴക്കുളം മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് വർഗീസ് നിർവ്വഹിച്ചിച്ചു.ഓൾ കേരള ഫ്രൂട്ട്‌സ് മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും വാഴക്കുളത്തെ വ്യാപാരിയുമായ ഡോമിനിക് അയ്യംകോലിലിന്റെ നേതൃത്വത്തിൽ ഒരുപറ്റം വ്യാപാരി സുഹൃത്തുക്കൾ ചേർന്നാണ് ഈ പ്രവർത്തനം നടത്തുന്നത്. കർഷകരുടെ തോട്ടങ്ങളിൽ പോയി കപ്പ പറിച്ചെടുത്ത് പാക്കറ്റുകളിലാക്കി വാഴക്കുളത്ത് വിതരണം ചെയ്യുകയാണ് ചെയ്തുവരുന്നത്. വാഴക്കുളത്ത് മെയിൻ റോഡ് സൈഡിൽ ഉള്ള അന്ന പൈനാപ്പിൾസിന് മുന്നിലും ഒട്ടേറെ കിറ്റുകൾ നിറച്ചു വെച്ചിട്ടുണ്ട്. ഇത് ആവശ്യക്കാർക്ക് സൗജന്യമായി എടുത്തു കൊണ്ട് പോകാം. ട്രിപ്പിൾ ലോക്ക് ഡൗൺ സമയത്ത് വാഴക്കുളത്ത് വ്യാപാരികൾ ചേർന്ന് ടൺകണക്കിന് പൈനാപ്പിൾ സന്നദ്ധസംഘടനകൾ മുഖേനയും നേരിട്ടും സൗജന്യമായി വിതരണം ചെയ്തിരുന്നു. ലോക്ക് ഡൗൺ മൂലം കർഷകർക്ക് ഉത്പ്പന്നങ്ങൾ വിറ്റഴിക്കാൻ പറ്റാത്ത അവസ്ഥയിൽ പല കർഷകരും സൗജന്യമായിത്തന്നെ ഉൽപ്പന്നങ്ങൾ ഈ കൂട്ടായ്മയിലേക്ക് നൽകിവരുന്നുണ്ട്. ഭക്ഷ്യയോഗ്യമായ ഉത്പന്നങ്ങൾ തരാൻ തയ്യാറായിട്ടുള്ള ആളുകളിൽ നിന്നും ശേഖരിച്ച് അർഹരായവരുടെ കൈകളിൽ എത്തിക്കുന്ന പ്രവർത്തനം ഇനിയും തുടരുമെന്ന് വ്യാപാരി കൂട്ടായ്മ അറിയിച്ചു.