kmly
ജോമോളെ തെളിവെടുപ്പിന് കൊണ്ടുവരുന്നു

കുമളി: യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ പ്രതി ജോമോളെ അണക്കരയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. സി.ഐ സജീവ് കുമാറിന്റെ നേതൃത്വത്തിൽ പതിനൊന്ന് മണിയോടെയാണ് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചത്. സമീപത്തെ പുരയിടത്തിൽ നിന്നും വെട്ടുകത്തി കണ്ടെടുത്തു. സംഭവം നടന്ന സ്ഥലത്ത് അയൽവാസികൾ അടക്കം നിരവധി ആളുകൾ തടിച്ചുകൂടിയിരുന്നു. പുരയിടത്തിന്റെ ഒരുഭാഗത്ത് മനുവിനെ വെട്ടാൻ ഉപയോഗിച്ച ആയുധം ഒളിപ്പിച്ചിരുന്ന സ്ഥലത്ത് എത്തിച്ച് വെട്ടുകത്തി കണ്ടെടുക്കുകയായിരുന്നു. തുടർന്ന് പ്രതിയെ കുമളി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മനുവിനെ ആക്രമിക്കാൻ കരുതിക്കൂട്ടി തന്നെയാണ് ആയുധം കയ്യിൽ കരുതിയത് എന്ന് ഇവർ പൊലീസിനോട് സമ്മതിച്ചതായി കുമളി സിഐ ജെഎസ് സജീവ് കുമാർ പറഞ്ഞു.
വേസ്റ്റ് നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ടാണ് അണക്കര ഏഴാംമൈൽ കോളനി പട്ടശേരിയിൽ ജോമോൾ (34)അയൽവാസി മനുവിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം പ്രതിയും കുടുംബവും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു.കൈപാമ്പാടുംപാറയിലുള്ള അമ്മയുടെ അടുത്തെത്തിയ പ്രതി ശനിയാഴ്ച 7.30 ഓടെ തൂക്കുപാലത്തെ ആശുപത്രിയിൽ ചികിത്സക്കായി എത്തിയപ്പോഴായിരുന്നു അറസ്റ്റ്. അയൽവാസിയെ വെട്ടിയ കേസിൽ പ്രതിയാണെന്നും മനു തന്നെ വീട്ടിൽ കയറി മർദ്ധിച്ചെന്നുമാണ് സ്വകാര്യ ആശുപത്രിയിൽ ജോമോൾ അറിയിച്ചത്. മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.