തൊടുപുഴ: മോട്ടോർ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ധന വില കൊള്ളയ്ക്കെതിരെ നടന്ന ചക്രസ്തംഭന സമരത്തെ ത്തുടർന്ന് ജില്ലയിലെ പ്രധാന നഗരങ്ങളെല്ലാം സ്തംഭിച്ചു. രാവിലെ 11 മുതൽ 11.15 പ്രധാന ജംഗ്ഷനുകളിലെല്ലാം വാഹനങ്ങൾ റോഡിൽ നിറുത്തിയിട്ടായിരുന്നു സമരം. തൊടുപുഴ, കട്ടപ്പന, വണ്ടിപ്പെരിയാർ, കുമളി, മൂന്നാർ, ശാന്തമ്പാറ, നെടുങ്കണ്ടം, അടിമാലി, ചെറുതോണി, രാജാക്കാട്, വണ്ടന്മേട്, മുരിക്കാശേരി, പാറത്തോട്, ആനച്ചാൽ, വഴിത്തല, കരിങ്കുന്നം, ആലക്കോട്, മുട്ടം, കാഞ്ഞാർ തുടങ്ങിയ പ്രധാന ടൗണുകളിലെല്ലാം ഒരു മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു. ഒരു ടൗണിൽ തന്നെ പല ജംഗ്ഷനുകളിൽ സമരം അരങ്ങേറിയതിനാൽ സമരം അവസാനിച്ചിട്ടും ഏറെ സമയം കഴിഞ്ഞാണ് കുരുക്ക് നീങ്ങിയത്. കൂടുതൽ ലോക്ക് ഡൗൺ ഇളവുകളുള്ള ദിവസമായിരുന്നതിനാൽ ഇന്നലെ രാവിലെ മുതൽ തന്നെ പ്രധാന ടൗണുകളിലെല്ലാം നല്ല ജനത്തിരക്കുണ്ടായിരുന്നു. ശനി, ഞായർ ദിവസങ്ങളിലെ അടച്ചുപൂട്ടലിന് ശേഷമെത്തുന്ന ദിനമായിരുന്നതിനാൽ നിരവധിപ്പേർ പുറത്തിറങ്ങിയിരുന്നു. ബസുകളും മറ്റും കുറവായതിനാൽ ഏറെ പേരും സ്വകാര്യവാഹനങ്ങളുമായി നിരത്തിലിറങ്ങിയതും തിരക്ക് വർദ്ധിക്കാൻ കാരണമായി. ലോക്ക് ഡൗണിന് ശേഷം സ്വകാര്യ ബസുകൾ ആദ്യമായി നിരത്തിലിറങ്ങിയ ദിവസവുമായിരുന്നു ഇന്നലെ.
ഇന്ധനകൊള്ളയ്ക്കെതിരെ പ്രതിഷേധമിരമ്പി
ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പങ്കെടുത്ത ചക്രസ്തംഭന സമരം ഇന്ധന വില കൊള്ളയ്ക്കെതിരായ ശക്തമായി പ്രതിഷേധമായി മാറി. ജില്ലയിലെ 80 കേന്ദ്രങ്ങളിലാണ് സമരം അരങ്ങേറിയത്.
മുഴുവൻ മോട്ടോർ വാഹനങ്ങളും സമരത്തിൽ പങ്കു ചേർന്നു. തൊഴിലാളികളും യാത്രക്കാരും കൊടികളും പ്ലാക്കാർഡുകളും ഉയർത്തി പ്രതിഷേധത്തിൽ അണിനിരന്നു. വാഹന ഉടമകളും തൊഴിലാളികളും ഉൾപ്പെടുന്ന മോട്ടോർ വ്യവസായ സംരക്ഷണ സമിതിയാണ് ചസ്തംഭന സമരത്തിന് നേതൃത്വം നൽകിയത്. 307ശതമാനം വർദ്ധനയാണ് മോദി അധികാരത്താൽ വന്നതിനു ശേഷം ഇന്ധന നികുതിയിൽ വന്നിട്ടുള്ളതെന്നും ഈ കൊള്ള അവസാനിപ്പിക്കണമെന്നും ജനങ്ങൾക്ക് ആശ്വാസം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. തൊടുപുഴ ടൗണിൽ ഗാന്ധി സ്‌ക്വയർ, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, പുളിമൂട്ടിൽ കവല, മങ്ങാട്ടു കവല, മോർ ജംഗ്ഷൻ, വെങ്ങല്ലൂർ സിഗ്നൽ ജംഗ്ഷൻ, കോലാനി ജംഗ്ഷൻ എന്നിവിടങ്ങളിൽ സമരം നടന്നു. ഗാന്ധി സ്‌ക്വയറിൽ നടന്ന പൊതുയോഗത്തിൽ എം.കെ. ഷാഹുൽ ഹമീദ് (ഐ.എൻ.ടി.യുസി) അദ്ധ്യക്ഷത വഹിച്ചു. സംയുക്ത സമരസമിതി കൺവീനർ കെ.എം. ബാബു (സി.ഐ.ടി.യു) സമരം ഉദ്ഘാടനം ചെയ്തു. കെ. സലിംകുമാർ, പി.പി. ജോയി (എ.ഐ.ടി.യു.സി), ടി.ആർ. സോമൻ, കെ.വി. ജോയി, കെ.കെ. കബീർ, ഇ.വി. സന്തോഷ് (സി.ഐ.ടി.യു), റഹ്മാൻ പഴയറി, ടി.കെ. കരീം (എസ്.ടി.യു), എ.എസ്. ജയൻ ഫിലിപ്പ് ചേരിയിൽ (കെ.ടി.യു.സി), ജാഫർ ഖാൻ മുഹമ്മദ്, (ഐ.എൻ.ടി.യു.സി) അനിൽ എന്നിവർ പ്രസംഗിച്ചു.