തൊടുപുഴ: പെട്രോൾ, ഡീസൽ എന്നിവയെ ജി.എസ്.ടി. യിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് നേതാക്കൾ നാളെ എല്ലാ നിയോജക മണ്ഡല ആസ്ഥാനങ്ങളിലും ധർണ നടത്തുമെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് അറിയിച്ചു. തൊടുപുഴ, ചെറുതോണി, കുമളി, നെടുങ്കണ്ടം, അടിമാലി എന്നിവിടങ്ങളിലാണ് സമരം നടത്തുക. തൊടുപുഴയിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ധർണ ഉദ്ഘാടനം ചെയ്യും. ചെറുതോണിയിൽ ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബും കുമളിയിൽ സംസ്ഥാന സെക്രട്ടറി ആന്റണി ആലഞ്ചേരിയും നെടുങ്കണ്ടത്ത് സംസ്ഥാന വൈസ് ചെയർമാൻ മാത്യു സ്റ്റീഫനും അടിമാലിയിൽ സംസ്ഥാന സെക്രട്ടറി നോബിൾ ജോസഫും ഉദ്ഘാടനം നിർവ്വഹിക്കും.
1964 ലെയും 1993 ലെയും ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്ത് ഇടുക്കിയിലെ കർഷകരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മരമുറി വിവാദത്തിന്റെ പേരിൽ കർഷകർക്ക് പട്ടയ ഭൂമിയിൽ നട്ടു വളർത്തിയതും പട്ടയ വിതരണ സമയത്ത് പണം അടച്ചതുമായ മരങ്ങൾ വെട്ടാനുള്ള അവകാശം എടുത്തു മാറ്റാൻ തുനിയരുത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച ഇടുക്കി പാക്കേജിന് ഇത്തവണത്തെ ബഡ്ജറ്റിലും ഫണ്ട് വകയിരുത്തിയിട്ടില്ല. എങ്കിലും ഇടുക്കി പാക്കേജ് അടിയന്തരമായി നടപ്പിലാക്കാൻ നടപടി സ്വീകരിക്കണം. കൊവിഡും ലോക് ഡൗണും മൂലം ജോലി നഷ്ടപ്പെട്ട എല്ലാ ജനവിഭാഗങ്ങൾക്കും അടിയന്തര ധനസഹായം നൽകണമെന്നും ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗം പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. പാർട്ടി ഡെപ്യൂട്ടി ചെയർമാന്മാരായ അഡ്വ. ഫ്രാൻസിസ് ജോർജ്, അഡ്വ. തോമസ് ഉണ്ണിയാടൻ, വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷീല സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ്, അപു ജോൺ ജോസഫ്, എം. മോനിച്ചൻ, ഷൈനി സജി, എം.ജെ. കുര്യൻ, ജോയി കൊച്ചുകരോട്ട് എന്നിവർ പങ്കെടുത്തു.