ഇടുക്കി:: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി, നന്മ ഫൗണ്ടേഷൻ, ബേക്കേഴ്‌സ് അസോസിയേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലയിലെ കൊവിഡ് പ്രതിരോധ മുന്നണിപ്പോരാളികളായി പ്രവർത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാരെയും ശ്മശാന ജീവനക്കാരെയും ജില്ലാതലത്തിൽ ആദരിച്ചു. ഇടുക്കി മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനിലൂടെ ആശംസകൾ അറിയിച്ചു.
ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോൾ പ്രവർത്തകരെ പൊന്നാട അണിയിച്ചു ആദരിച്ചു. ഭക്ഷ്യധാന്യ കിറ്റ്, മധുരപലഹാര കിറ്റ് എന്നിവയും ഇവർക്ക് കൈമാറി. മെഡിക്കൽ കോളേജിലെ 16 പേരെയാണ് ആദരിച്ചത്. കൂടാതെ ജില്ലയിൽ ഏഴു ഇടങ്ങളിലായി 150 പേരെയാണ് ആദരിച്ചത്.
യോഗത്തിൽ ബേക്കേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി. ആർ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡിറ്റാജ് ജോസഫ്, ആർ.എം.ഒ ഡോ. അരുൺ, മെഡിക്കൽകോളേജ് സൂപ്രണ്ട് ഡോ. രവികുമാർ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ എസ്. ആർ. സുരേഷ് ബാബു, ബേക്കേഴ്‌സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി സജി പോൾ, ജില്ലാ സെക്രട്ടറി സതീഷ് അടിമാലി, ലെനിൻ തുടങ്ങിയവർ പങ്കെടുത്തു.