ചെറുതോണി: പത്ത് വർഷം മുമ്പ് ആറു കോടിയിലേറെ മുടക്കി നിർമ്മാണമാരംഭിച്ച പൊന്നെടുത്താൻ-പട്ടയക്കുടി റോഡിന്റെ നിർമ്മാണം പാതിവഴിയിൽ നിലച്ചു. കഞ്ഞിക്കുഴി -വണ്ണപ്പുറം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന്റെ ടാറിംങ്ങ് ഉൾപ്പെടെയുള്ള മൂന്ന് കിലോമീറ്റർ ദൂരത്തെ ജോലികൾ ആറു കോടി 34 ലക്ഷം രൂപയ്ക്കാണ് കരാർ എടുത്തത്. എന്നാൽ 2011-ൽ നിർമ്മാണം ആരംഭിച്ച റോഡ് കരാറുകാരൻ റോഡിന്റെ മൺപണികൾ പൂർത്തിയാക്കി പൊതുമരാമത്ത് അധികാരികളുടെ ഒത്താശയോടെ കരാർ തുക കൈപ്പറ്റിയതിനുശേഷം നിർമ്മാണമുപേക്ഷിച്ച് പോവുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. അദിവാസി മേഖല കൂടിയായ വഞ്ചിക്കൽ നിവാസികൾക്ക് പുറം ലോകവുമായി ബന്ധപ്പെടുവാനുള്ള ഏക റോഡിലാണ് ഇപ്പോൾ കാൽനടയാത്ര പോലും അസാദ്ധ്യമായിരിക്കുന്നത്. നിരവധി കിടപ്പ് രോഗികളുള്ള പ്രദേശമാണിവിടം. തൊടുപുഴ, മൂവറ്റുപുഴ, കോതമംഗലം, ഭാഗത്തേയ്ക്ക് എളുപ്പത്തിലെത്തിചേരാൻ പറ്റുന്ന റോഡ് കൂടിയാണിത്. റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നിരവധി പരാതികൾ പൊതുമരാമത്ത് അധികാരികൾക്ക് നൽകിയെങ്കിലും നാളിതുവരെയായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തികച്ചും കാർഷിക മേഖലയായ വഞ്ചിക്കൽ പ്രദേശത്തെ കർഷകർക്ക് തങ്ങളുടെ കർഷിക വിളകൾ വിൽപ്പനയ്ക്കായി പുറം ലോകത്തെത്തിക്കാൻ തലച്ചുമടായി കിലോമീറ്ററുകൾ നടന്ന് പട്ടയക്കുടിയിലോ പൊന്നെടുത്താനിലോ എത്തിച്ച് വേണം വിൽപന നടത്താൻ. അടിയന്തരമായ് റോഡ് സഞ്ചാരയോഗ്യമാക്കി യാത്ര ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാരാവശ്യപ്പെടുന്നു.