തൊടുപുഴ: കൊവിഡും തുടർന്ന് ലോക്ക് ഡൗണിലും വഴിമുട്ടിയ കുമാരമംഗലത്തെ നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യമായി ഭക്ഷണമെത്തിച്ച കുമാരമംഗലത്തെ എഐവൈഎഫിന്റെ പാചകപ്പുര ആയിരങ്ങളുടെ വിശപ്പകറ്റാനായതിന്റെ ചാരുതാർത്ഥ്യത്തോടെ പ്രവർത്തനം അവസാനിപ്പിച്ചു.

കൊവിഡ് നിരക്ക് കുറഞ്ഞ് കുമാരമംഗലവും വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയതോടെയാണ് സാമൂഹിക അടുക്കളയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. 33 ദിവസം കൊവിഡിൽ വലഞ്ഞ കുമാരമംഗലത്തെ ഒരോ വീടുകളിലും മുടങ്ങാതെ ഭക്ഷണം എത്തിക്കാനായി . പഞ്ചായത്ത് സാമൂഹിക അടുക്കള ആരംഭിക്കാതിരുന്ന പശ്ചാത്തലത്തിലാണ് എഐവൈഎഫ് പ്രവർത്തകർ മുന്നോട്ട് വരുന്നത്. കാവുംമ്പുറത്ത് ബാബു സൗജന്യമായി വിട്ടു നൽകിയ കെട്ടിടത്തിലായിരുന്നു പാചകപ്പുര ആരംഭിച്ചത്. സാമൂഹിക അടുക്കളയുടെ പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ച് നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് സംസ്ഥാന സമതിയംഗം വി ആർ പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. പി .എസ് .സുരേഷ് സ്വാഗതം പറഞ്ഞു. സി.പി.ഐ സംസ്ഥാന കൗൺസിലംഗം കെ .സലിംകുമാർ,താലൂക്ക് സെക്രട്ടറി പി .പി ജോയി,എൻ. ജെ കുഞ്ഞുമോൻ,ബിന്ദു ഷാജി,ഷിജി ജെയിംസ്,ഷാജി പുന്നോർക്കോട്ടിൽ,തോമസ് മാത്യൂ,വി പി രവീന്ദ്രൻ,കെ കെ കുഞ്ഞപ്പൻ,ജെയിംസ് സെബസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.