മണക്കാട് : മണക്കാട് ഗ്രാമപഞ്ചായത്തിലെ പുതുപ്പരിയാരം, മൈലാടുംപാറ, ആൽപ്പാറ, അങ്കംവെട്ടി, കുന്നത്തുപാറ, പെരിഞ്ചിറക്കുത്ത്, മണക്കാട്, കടുക്കാമറ്റം എന്നി പ്രദേശങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി കുടിവെള്ള വിതരണം താളംതെറ്റി. മഴക്കാലമാണെങ്കിലും ഭൂരിഭാഗം കുടുംബങ്ങളും ആശ്രയിക്കുന്നത് വാട്ടർ അതോറിട്ടിയുടെ ജലവിതരണ പദ്ധതിയെയാണ്. പഞ്ചായത്തിലെ അരിക്കുഴ കൃഷിഫാമിന് സമീപമുള്ള പമ്പ് ഹൗസിൽ നിന്നും പച്ചൂർ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്ത് അവിടെ ശുചീകരണം നടത്തി വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ഏഴ് ടാങ്കുകളിലേക്ക് പമ്പ് ചെയ്താണ് ജലവിതരണം നടത്തിവരുന്നത്. എന്നാൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള പ്രദേശങ്ങളിലേക്ക് ജലവിതരണം നടത്തുന്നത് ഉന്നക്കാട്ട് മലയിൽ സ്ഥാപിച്ചിട്ടുള്ള 4.5 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിൽ നിന്നാണ്. അരിക്കുഴയിൽ നിരന്തരമായുണ്ടാകുന്ന വൈദ്യുതി തടസ്സം പമ്പിംഗിനെ ഏറെ ബാധിക്കുകയാണ്. ഉന്നക്കാട്ട് മലയിലെ ടാങ്ക് നിറഞ്ഞ ശേഷം ഒന്നിടവിട്ട ദിവസങ്ങളിലായി വെള്ളം ഇപ്പോൾ കുടിവെള്ള വിതരണം നിലച്ച പ്രദേശങ്ങളിലേക്ക് തുറക്കുന്ന സംവിധാനം ടാങ്കിൽ വെള്ളം എത്താത്തതോടെ സാദ്ധ്യമാകുന്നില്ല. ഒരു മഴ പെയ്താലുടൻ വൈദ്യുതി തടസ്സപ്പെടുന്നതിനാലും പമ്പിംഗ് നിലക്കാൻ കാരണമാകുന്നു. മണക്കാട് മുതൽ അങ്കംവെട്ടിവരെയുള്ള റോഡിൽ വിവിധയിടങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. ജൽജീവൻ പദ്ധതിയുടെ അവലോകന യോഗത്തിൽ വൈദ്യുത തകരാർ സംബന്ധിച്ചും പൈപ്പുകളുടെ ലീക്കുകൾ സബന്ധിച്ചും പരാതിപ്പെട്ടിട്ടും നടപടികൾ ഉണ്ടായില്ല. അധികാരികൾ അടിയന്തിരമായി ഇടപെട്ട് ജലവിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി ആശ്യപ്പെട്ടു.