തൊടുപുഴ: മാത്യു ബെന്നിയുടെ അതിജീവനത്തിന് സ്‌നേഹകരങ്ങൾ. പതിമൂന്ന്കാരനായ തൊടുപുഴ വെള്ളിയാമറ്റം കറുകപ്പിള്ളി കിഴക്കേപറമ്പിൽ മാത്യു ബെന്നിയുടെ ജീവിത കഥ കൗമുദി യൂടൂബ് ചാനലിൽ വന്നതിനേ തുടർന്ന് സഹായത്തിന് സ്‌നേഹകരങ്ങൾ എത്തിത്തുടങ്ങിയത്. പിതാവ് ബന്നിയുടെ മരണത്തോടെ ദുരിതത്തിലായ കുടുംബം ജീവിതമാർഗമായിരുന്ന പശുവളർത്തൽ ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തിയപ്പോൾ പശുക്കളെ വളർത്താൻ മുന്നോട്ട് വന്ന മാത്യുഏറെ പ്രശംസ പിടിച്ച്പറ്റിയിരുന്നു. മൃഗസംരക്ഷണമന്ത്രി ചിഞ്ചുറാണി പ്രത്യേക താൽപ്പര്യമെടുത്ത് ഡെപ്യൂട്ടി ഡയറക്ടറോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്.ഉടൻ റിപ്പോർട്ട് സമർപ്പിക്കും. പഞ്ചായത്ത് തൊഴിൽ കാർഡ് നൽകി തൊഴുത്ത് നിർമ്മാണം നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ജോസ് പറഞ്ഞു.കൂടാതെ മൂന്ന് കിടാരികൾക്ക് കാലിത്തീറ്റയും നൽകും. മൃഗസംരക്ഷണ വകുപ്പ് തീറ്റപ്പുൽകൃഷിക്ക് സബ്‌സിഡി നൽകും.ഇന്ത്യൻ വെറ്റ്‌നറി അസോസിയേഷൻ (ഐ വി എ) കേരള ഘടകം തൊഴുത്ത് നിർമ്മാണത്തിന് സഹായിക്കും. ഇടുക്കി ഘടകം അടിയന്തര സഹായമായി 5000 രൂപയുടെ കാലിത്തീറ്റ വീട്ടിൽ എത്തിച്ച് നൽകി. മാത്യുവിന്റെ കൃഷിയോടൊപ്പം പഠനവും ഉർജ്ജിതമാക്കുന്നന്നതിന് സഹായിക്കുമെന്ന് വിവിധ സംഘടനകൾ അറിയിച്ചിട്ടുണ്ട്‌.