babukuttan
ഇടുക്കി പാർക്കിൽ ഭാര്യയോടും മക്കളോടുമൊപ്പം

ചെറുതോണി: നാടാകെ ഒന്നിച്ചിട്ടും കാരുണ്യത്തിന് കാത്തു നിന്നില്ല, ബാബുക്കുട്ടൻ വാർത്തകളിലില്ലാത്ത ലോകത്തേക്കു മടങ്ങി. ജില്ലാ ആസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിച്ച മികച്ച പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ് വിട പറഞ്ഞത്. ഏതാനും മാസം മുമ്പാണ് മാദ്ധ്യമപ്രവർത്തകൻ വെള്ളക്കയം തോട്ടുമുഖത്ത് ടി.ബി. ബാബുക്കുട്ടന് (47) മൾട്ടിപ്പിൾ മൈലോമ എന്ന ഗുരുതര രോഗം സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരം ആർ.സി.സിയിലെ ആദ്യഘട്ട ചികിത്സ കഴിഞ്ഞ് ആരോഗ്യം മെച്ചപ്പെട്ടിരുന്നു. എന്നാൽ, വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹത്തിന് കൊവിഡ് ബാധിക്കുകയായിരുന്നു.
ഇടുക്കി മെഡിക്കൽ കോളേജിലായിരുന്നു ആദ്യം ചികിത്സ. ന്യൂമോണിയ ലക്ഷണങ്ങൾ കണ്ടതോടെ കോട്ടയം കാരിത്താസിലേക്ക് മാറ്റുകയായിരുന്നു. രണ്ടാഴ്ച വെന്റിലേറ്ററിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ന്യൂമോണിയ രൂക്ഷമായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ ആറരയോടെ മരിക്കുകയായിരുന്നു.

പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് വേണ്ടി മാദ്ധ്യമപ്രവർത്തനം നീക്കിവച്ച ബാബുക്കുട്ടൻ മുമ്പ് കുറച്ചുകാലം കേരളകൗമുദിയുടെ പ്രാദേശിക ലേഖകായിരുന്നു. മികച്ച ഫോട്ടോഗ്രാഫറുമായിരുന്നു. വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് ഭാര്യ ദീപയെയും രണ്ടു മക്കളെയും തനിച്ചാക്കി അദ്ദേഹം വിട പറയുന്നത്. ബാങ്കിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടമെടുത്ത് വീടിന്റെ പണിയാരംഭിച്ചെങ്കിലും പൂർത്തിയാക്കാനായിരുന്നില്ല.