ഗാർഹിക പീഡനം ജില്ലയിൽ കുത്തനെ ഉയരുന്നു
തൊടുപുഴ: ഇടുക്കി ജില്ലയിലും വീടുകളിൽ കഴിയുന്ന സ്ത്രീകൾ സുരക്ഷിതരല്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജില്ലയിൽ ഗാർഹിക പീഡനങ്ങളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ 254 കേസുകളാണ് ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് ജില്ലാ വിമൺ പ്രൊട്ടക്ഷൻ ആഫീസിന്റെ കണക്ക്. കഴിഞ്ഞ വർഷം ആദ്യത്തെ മൂന്ന് മാസത്തെ കണക്ക് 180 ആയിരുന്നു. 2020ൽ ജില്ലയിലാകെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് 704 കേസുകാണ് റിപ്പോർട്ട് ചെയ്തത്. സ്ത്രീകളുടെ മാന്യതക്ക് നേരെയുള്ള കടന്നുകയറ്റം, ഭർതൃ പീഡനങ്ങൾ, ഭർത്താവിന്റെ മദ്യ പാനം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങൾ, സംശയം, സ്ത്രീധനവുമായി ബന്ധപ്പെട്ട കലഹങ്ങൾ എന്നിവയെല്ലാം ഇതിൽപ്പെടും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ പൊലീസിന്റെയും വിമൺ പ്രൊട്ടക്ഷൻ യൂണിന്റെയും നേതൃത്വത്തിൽ യോജിച്ച പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ആദ്യം രണ്ട് കൂട്ടരെയും വിളിച്ച് കൗൺസിലിംഗ് നൽകി പ്രശ്‌ന പരിഹാരത്തിനുള്ള സാദ്ധ്യത തേടും. ഫലം കണ്ടില്ലെങ്കിൽ കേസ് കോടതിക്ക് കൈമാറുകയുമാണ് ചെയ്യുന്നത്. ബോധവത്കരണപ്രവർത്തനങ്ങൾക്കിടയിലും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന സംഭവങ്ങളുമുണ്ട്.
കേസുകളുടെ വർദ്ധനയിങ്ങനെ
2020... 2021
ജനുവരി 66 92
ഫെബ്രുവരി 57 80
മാർച്ച് 57 82
എണ്ണം കൂടിയതിങ്ങനെ
ഓരോ വർഷവും പരാതികളുടെ എണ്ണം കൂടുന്നത് അതിക്രമങ്ങൾ കൂടുന്നതുകൊണ്ടല്ല, പരാതിപ്പെടാൻ തയ്യാറാകുന്നവരുടെ എണ്ണം കൂടുന്നതിനാലാണ്. നേരത്തെ
കുട്ടികളുടെ ഭാവി ആലോചിച്ചും മാനക്കേട് ഭയന്നും സ്ത്രീകൾ പരാതിപ്പെടാതെ മാറിനിന്നിരുന്നു. നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലും കേസ് ഒത്തുതീർപ്പാകാൻ വർഷങ്ങളെടുക്കുമെന്ന ചിന്തയും നടത്തിപ്പിനായുള്ള ചെലവും ആലോചിച്ച് പരാതിയിൽ നിന്ന് പിന്മാറുന്നവരുണ്ട്. എന്നാൽ, ഇപ്പോൾ നിരന്തര ബോധവത്കരണവും മറ്റും കൊണ്ട് പരാതികൾ തുറന്നുപറയാനും നിയമനടപടി സ്വീകരിക്കാനും മുന്നോട്ടുവരുന്നവരുണ്ട്.
''പീഡനത്തിനിരയാവുന്നവർക്ക് നിയമസഹായം, കൗൺസിലിംഗ്, ബോധവത്കരണ ക്ലാസുകൾ, ഷെൽട്ടർ ഹോമിൽ താമസം, ഭക്ഷണം എന്നിങ്ങനെയുള്ള സൗകര്യങ്ങളെല്ലാം വിമൺ പ്രൊട്ടക്ഷൻ ആഫീസ് ചെയ്യുന്നുണ്ട്. അംഗൻവാടി ജീവനക്കാർ, ആശവർക്കർ, പൊലീസ് തുടങ്ങിയവർക്ക് ഗാർഹിക പീഡനം സംബന്ധിച്ച് പരിശീലനവും നൽകുന്നുണ്ട്."
-ലിസി തോമസ്(വിമൺ പ്രൊട്ടക്ഷൻ ജില്ലാ ആഫീസർ)