babukuttan

ചെറുതോണി: മാതൃഭൂമി ചെറുതോണി പ്രാദേശിക ലേഖകൻ വെള്ളക്കയം തോട്ടുമുഖത്ത് ടി.ബി. ബാബുക്കുട്ടൻ (47) നിര്യാതനായി. അർബുദബാധയ്ക്ക് പിന്നാലെ കൊവിഡും പിടിപെട്ടിരുന്നു. ന്യൂമോണിയ രൂക്ഷമായതിനെ തുടർന്ന് ഇന്നലെ രാവിലെ ആറരയോടെയായിരുന്നു മരണം. മാസങ്ങൾക്ക് മുമ്പാണ് ബാബുക്കുട്ടന് മൾട്ടിപ്പിൾ മൈലോമ എന്ന ഗുരുതര രോഗം സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരം ആർ.സി.സിയിലെ ആദ്യഘട്ട ചികിത്സ കഴിഞ്ഞ് ആരോഗ്യം മെച്ചപ്പെട്ടിരുന്നു. എന്നാൽ, വീട്ടിൽ തിരിച്ചെത്തിയപ്പോൾ കൊവിഡ് ബാധിക്കുകയായിരുന്നു. ഇടുക്കി മെഡിക്കൽ കോളേജിലായിരുന്നു ആദ്യം ചികിത്സ. ന്യൂമോണിയ ലക്ഷണങ്ങൾ കണ്ടതോടെ കോട്ടയം കാരിത്താസിലേക്ക് മാറ്റി. രണ്ടാഴ്ച വെന്റിലേറ്ററിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മികച്ച ഫോട്ടോഗ്രാഫറുമായിരുന്നു അദ്ദേഹം. മൃതദേഹം ചെറുതോണിയിൽ പൊതു ദർശനത്തിന് വെച്ച ശേഷം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, പി.ജെ. ജോസഫ് എം.എൽ.എ ഉൾപ്പടെയുള്ള പ്രമുഖർ അനുശോചനം അറിയിച്ചു.ഭാര്യ: ദീപ. മക്കൾ: നന്ദന (പ്ലസ്ടു വിദ്യാർത്ഥിനി, വാഴത്തോപ്പ് സെന്റ് ജോർജ് ഹൈസ്‌കൂൾ), ദീപക് (എട്ടാം ക്ലാസ് വിദ്യാർത്ഥി).