തൊടുപുഴ: സർക്കാർ ചടങ്ങിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡെപ്യൂട്ടി തഹസിൽദാർ ടി.പി. സഞ്ജയൻ രണ്ടര വർഷത്തെ ചികിത്സയ്ക്ക് ശേഷം വീൽചെയറിലെത്തി ജോലിയിൽ പ്രവേശിച്ചു. തൊടുപുഴ ഭൂപതിവ് ഓഫീസിലെ തഹസിൽദാരായി സ്ഥാനക്കയറ്റം കിട്ടി ഇടവേളയ്ക്ക് ശേഷം ജോലിക്കെത്തിയ അദ്ദേഹത്തെ ഉദ്യോഗസ്ഥരൊന്നാകെ സ്വീകരിക്കാനുണ്ടായിരുന്നു. 2018 സെപ്തംബർ 29നാണ് ഇടവെട്ടി തൊണ്ടിക്കുഴ താഴത്തുമഠത്തിൽ ടി.പി. സഞ്ജയൻ അപകടത്തിൽപ്പെടുന്നത്. മഹാപ്രളയത്തിൽ കേരളത്തിന് കൈത്താങ്ങായ ലോകത്തിന് നന്ദി അറിയിക്കാൻ ജില്ലാ ഭരണകൂടം തെക്കുംഭാഗത്ത് സംഘടിപ്പിച്ച 'ബിഗ് സല്യൂട്ട് ടു ദ എന്റയർ വേൾഡ്' വേദിയിലെ സൗണ്ട് സിസ്റ്റം സ്റ്റാൻഡോട് കൂടി അദ്ദേഹത്തിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. നട്ടെല്ലൊടിഞ്ഞ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി. ഇത്രയും നാൾ നീണ്ട ചികിത്സയ്ക്കൊടുവിൽ ഇപ്പോൾ എഴുന്നേറ്റിരിക്കാം.
അന്ന് അദ്ദേഹം തൊടുപുഴ താലൂക്ക് ആഫീസിലെ ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി തഹസിൽദാരായിരുന്നു. ഇപ്പോൾ തൊടുപുഴ എൽ.എ തഹസിൽദാരായി സ്ഥാനക്കയറ്റം കിട്ടിയ അദ്ദേഹം ഇന്നലെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഭാര്യ മായയാണ് കാറിൽ അദ്ദേഹത്തെ കൊണ്ടുവന്നത്. തുടർന്ന് സഹപ്രവർത്തകർ അദ്ദേഹത്തെ എൽ.എ ആഫീസിലേക്ക് കൊണ്ടുപോയി. മുൻ തഹസിൽദാർ കെ.പി. ദീപയിൽ നിന്ന് ചാർജ് ഏറ്റെടുത്തു. സർക്കാരും സഹപ്രവർത്തകരും തനിക്ക് എല്ലാ പിന്തുണയും നൽകിയെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സക്കായി വലിയ തുകയാണ് ചെലവായത്. ഇപ്പോഴും ആയുർവേദ ചികിത്സ തുടരുകയാണ്. എഴുന്നേറ്റ് നടക്കാനാകുമെന്നാണ് പ്രതീക്ഷ. മാസം അമ്പതിനായിരം രൂപയോളം ചെലവുണ്ട്.