gym

'ശരീരമാദ്യം ഖലു ധർമ്മസാധനം" എന്നാണ് കുമാരസംഭവത്തിൽ കാളിദാസൻ പറഞ്ഞിരിക്കുന്നത്. ആരോഗ്യമുള്ള മനസ് ആരോഗ്യമുള്ള ശരീരത്തിൽ നിൽക്കുമ്പോഴേ ഒരാൾ പൂർണ മനുഷ്യനാകൂ. നിങ്ങൾക്ക് ഉദാസീനമായ ഒരു ജീവിതശൈലിയുണ്ടെങ്കിൽ, നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനശേഷിയും മോശമായിരിക്കും. ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം ഒഴിച്ചുകൂടാനാകാത്തതാണ്. വ്യായാമമില്ലാത്ത ശരീരങ്ങളെയാണ് രോഗം പെട്ടെന്ന് പിടികൂടുന്നതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. മഹാമാരിയായ കൊവിഡും ഇങ്ങനെ തന്നെ. കൊവിഡ് ബാധിച്ച് മരിച്ചവരിലേറെയും ഏതെങ്കിലും ജീവിതശൈലീ രോഗമുണ്ടായിരുന്നവരാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ കൊവിഡിനെ തുടർന്നുള്ള ലോക്ക് ഡൗൺ വരുമ്പോൾ നമ്മുടെ നാട്ടിൽ ആദ്യം ലോക്കിടുന്നത് ജിംനേഷ്യങ്ങൾക്കും ഹെൽത്ത് ക്ലബുകൾക്കുമായിരിക്കും. അൺലോക്ക് പ്രക്രിയ ആരംഭിക്കുമ്പോഴും മദ്യശാലകൾ തുറക്കാൻ കാട്ടുന്ന തിടുക്കം സർക്കാർ ജിംനേഷ്യങ്ങൾ തുറക്കുന്ന കാര്യത്തിൽ സ്വീകരിക്കാറില്ല.

മസിലുരുട്ടലല്ല മെയിൻ

ജിംനേഷ്യങ്ങൾ മസിലുരുട്ടിക്കയറ്റാനും ശരീര സൗന്ദര്യത്തിനുമുള്ള ഇടങ്ങളാണെന്ന പൊതുബോധമാണ് സർക്കാരടക്കമുള്ള സംവിധാനങ്ങളെ നയിക്കുന്നത്. എന്നാൽ പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ പ്രായമായവരടക്കമുള്ള ലക്ഷക്കണക്കിന് പേരാണ് ജിമ്മുകളെ ആശ്രയിക്കുന്നുണ്ട്. ഹൃദ്രോഗികളെയടക്കം ചികിത്സയുടെ ഭാഗമായി ഡോക്ടർമാർ ജിമ്മുകളിലേക്ക് വിടുന്നുണ്ട്. അതുപോലെ മദ്യപാനം പുകവലി തുടങ്ങിയ ദുശ്ശീലങ്ങളിൽ നിന്ന് മോചിക്കപ്പെട്ട യുവാക്കളിൽ പലരും ഫിറ്റ്‌നസിലേക്ക് തിരിയുന്നതും ശരീരം ശ്രദ്ധിക്കുന്നതിനുമെല്ലാം ജിമ്മിൽ വരാറുണ്ട്. ലോക്ക് ഡൗണിൽ ജിമ്മുകൾ അടച്ചുപൂട്ടുമ്പോൾ ഇവരാണ് ആദ്യം ബുദ്ധിമുട്ടിലാകുന്നത്. ഇതുമൂലം ഇത്തരക്കാരുടെ ആരോഗ്യസ്ഥിതി മോശമായി രോഗം കൂടാനും കൊവിഡ് പെട്ടെന്ന് പിടിപെടാനുമുള്ള സാദ്ധ്യതയേറെയാണ്. ഇതുകൊണ്ട് തന്നെ യൂറോപ്യൻ രാജ്യങ്ങളിൽ അൺലോക്ക് ആരംഭിക്കുമ്പോൾ ആദ്യം പ്രവർത്തനാനുമതി നൽകിയവയിൽ ജിംനേഷ്യങ്ങളും ഹെൽത്ത് ക്ലബുകളും പാർക്കുകളുമുണ്ടായിരുന്നു.

മെലിയുന്ന നടത്തിപ്പുകാർ

രണ്ടാം തരംഗത്തെ തുടർന്ന് ജിമ്മുകൾ അടഞ്ഞിട്ട് ഒന്നര മാസമാകുമ്പോൾ ജീവനക്കാരും ഉടമകളും ജീവിതത്തിന്റെ ഫിറ്റ്‌നസ് നഷ്ടമായ അവസ്ഥയിലാണ്. കഴിഞ്ഞ ലോക്ക് ഡൗണിൽ തന്നെ ഏഴ് മാസം അടഞ്ഞുകിടന്നതിന്റെ ക്ഷീണം മാറിയിരുന്നില്ല. അപ്പോഴാണ് വീണ്ടും അടച്ചുപൂട്ടലെത്തുന്നത്. ഭൂരിഭാഗം ജിംനേഷ്യങ്ങളും സ്വയംതൊഴിൽ എന്ന നിലയിൽ യുവാക്കൾ ആരംഭിച്ചതാണ്. തരക്കേടില്ലാത്ത ഒരു ജിംനേഷ്യം തുടങ്ങാൻ 15 ലക്ഷം മുതൽ കോടികൾ വരെ ചെലവ് വരും. പലരും ബാങ്ക് വായ്പയെടുത്താണ് ജിമ്മുകൾ ആരംഭിച്ചിട്ടുള്ളത്. വായ്പാതിരിച്ചടവിന് പുറമെ കെട്ടിട വാടക, വൈദ്യുതി ചാർജ്ജ്, ജീവനക്കാരുടെ ശമ്പളം, മെഷീനുകളുടെ അറ്റകുറ്റപണി എന്നിങ്ങനെ ഒരു ലക്ഷം രൂപയെങ്കിലും മാസം ചെലവ് വരും. അടച്ചിട്ടാലും ലോണും വാടകയും വൈദ്യുതി ബില്ലും അടയ്ക്കാതിരിക്കാനാകില്ല. കഴിഞ്ഞ ലോക്ക് ഡൗണിൽ ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയമെങ്കിലുമുണ്ടായിരുന്നു. ഇത്തവണ അതുമില്ല. മിക്ക സ്ഥാപനങ്ങളിലും രണ്ട് മുതൽ 10 ജീവനക്കാരുണ്ടാകും. സ്വന്തം കുടുംബങ്ങൾക്കൊപ്പം ഇവരുടെ ജീവിതവും നടത്തിപ്പുക്കാരുടെ ചുമതലയാണ്. സർക്കാരിന്റെ ഒരു സാമ്പത്തിക ആനുകൂല്യവും ഇവർക്ക് ലഭിച്ചിട്ടുമില്ല. ജിംനേഷ്യങ്ങളിൽ നിന്ന് കൊവിഡ് വ്യാപനമുണ്ടായതായി തെളിവില്ല. എന്നിട്ടും മദ്യശാലകൾക്കും ബാർബർ ഷോപ്പുകൾക്കും അനുമതി നൽകിയിട്ടും ഇതുവരെ ജിമ്മുകൾക്ക് പ്രവർത്തനാനുമതി നൽകാത്തതെന്താണെന്ന് മനസിലാകുന്നില്ലെന്ന് ബോഡി ബിൽഡിംഗ് അസോസിയേഷൻ ഒഫ് കേരള ഇടുക്കി ജില്ലാ സെക്രട്ടറി സജിത് റസാഖ് പറയുന്നു. മന്ത്രിയടക്കമുള്ള അധികൃതരെ കണ്ട് തങ്ങളുടെ ബുദ്ധിമുട്ട് അറിയിച്ചതാണ്. ടി.പി.ആർ അഞ്ച് ശതമാനത്തിൽ താഴെയായാലെങ്കിലും തുറക്കുമെന്നാണ് പ്രതീക്ഷ. മദ്യശാലകളിലെ ക്യൂ കണ്ടിട്ട് ഇനിയും രോഗികളുടെ എണ്ണം കൂടുമോയെന്ന് ആശങ്കയുണ്ട്. മൂന്നാംതരംഗം വന്നാലും ആദ്യം അടയ്ക്കുന്നത് ജിമ്മുകൾ ആയിരിക്കും. ഇങ്ങനെ പോയാൽ ഈ മേഖലയുടെ നിലനിൽപ്പ് വൻ പ്രതിസന്ധിയിലാകും. കടക്കെണിയിലായ ജിം നടത്തിപ്പുകാർ പലരും മറ്റ് പല തൊഴിലുകൾ തേടി പോവുകയാണ്.

രോഗവ്യാപന സാദ്ധ്യത

അതേസമയം നിരവധി പേർ വർക്കൗട്ട് ചെയ്യുന്ന ഫിറ്റ്‌നസ് സെന്ററുകളിൽ നിന്ന് കൊവിഡ് പകരാൻ സാദ്ധ്യത കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. വിയർപ്പ് തുള്ളികളിലൂടെ വൈറസ് പടരില്ല. പക്ഷേ, രോഗബാധിതർ ജിമ്മിൽ ഉപയോഗിക്കുന്ന മെഷീനുകളിൽ നിന്ന് വൈറസ് മറ്റൊരാളിലേക്ക് പടരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.