tree-munnar
റോഡരികിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ

മൂന്നാർ: കാലവർഷമെത്തിയതോടെ മൂന്നാർ ടൗണിനോട് ചേർന്ന് പാതയോരത്ത് നിൽക്കുന്ന മരങ്ങൾ വാഹനയാത്രികർക്കും കാൽനടയാത്രികർക്കും ഒരുപോലെ അപകട ഭീഷണിയാവുന്നു. പുതിയ മൂന്നാർ ടൗണിന് സമീപം റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങളാണ് ഭീഷണി ഉയർത്തുന്നത്. ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് വൻമരങ്ങൾ നിൽക്കുന്നത്. ഈ മരങ്ങൾക്ക് കീഴെ നിരവധി ചെറിയ കടകൾ പ്രവർത്തിക്കുന്നുണ്ട്. ഈ മരങ്ങൾ മുറിച്ച് നീക്കി അപകട ഭീഷണി ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ദിവസവും നൂറു കണക്കിന് വാഹനങ്ങളും കാൽനട യാത്രികരും അപകട ഭീഷണി ഉയർത്തുന്ന ഈ മരങ്ങൾക്ക് കീഴിലൂടെയാണ് കടന്ന് പോകുന്നത്.