കുടയത്തൂർ: കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നുള്ള കുടയത്തൂർ പഞ്ചായത്ത് പ്രദേശവാസികളുടെ ഏറെ വർഷങ്ങളായിട്ടുള്ള ആവശ്യത്തിന് പരിഹാരമാ കുന്നു.ജലജീവൻ മിഷന്റെ സഹായത്തോടെ കുടയത്തൂർ പഞ്ചായത്തിന് സ്വന്തമായി കുടിവെള്ള പദ്ധതിക്കായി പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. കുടയത്തൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ അന്ധ വിദ്യാലയത്തിന് സമീപം എം വി ഐ പി (മുവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതി ) യുടെ സ്ഥലത്ത് പ്ലാന്റ്, പമ്പ് ഹൗസ് എന്നിവ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. മലങ്കര ജലാശയത്തിനോട് ചേർന്ന ഭാഗമായതിനാൽ ഇവിടെ ജലലഭ്യത ഏറെയുണ്ട്. . ഇവിടെ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം ശേഖരിക്കാൻ പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ അടൂർ മലയിലോ മോർക്കടോ സംഭരണി പണിയും.കുടയത്തൂർ പഞ്ചായത്ത് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് പഞ്ചായത്ത് നൽകിയ നിവേദനത്തെ തുടർന്നാണ് അടിയന്തര നടപടി.ഇതേ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ അഡ്വ: കെ. എൻ. ഷിയാസ്, മെമ്പർമാരായ സി. എസ്. ശ്രീജിത്ത്, ജോസഫ്.എൻ. ജെ, വാട്ടർ അതോറിറ്റി സർവ്വേ വിഭാഗം മേധാവി മുരളീകൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തി.
വെള്ളിയാമറ്റം പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയിൽ നിന്നാണ് നിലവിൽ കുടയത്തൂർ പഞ്ചായത്തിന്റെ വിവിധ മേഖലകളിലേക്ക് കുടിവെള്ളം എത്തിക്കുന്നത്.ഏറെ വാർഷങ്ങളായിട്ടുള്ള കാത്തിരിപ്പിന് പരിഹാരം ആകുന്നതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ.
"പദ്ധതി പ്രവർത്തികമാകുന്നതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന മുതിയാമല, കൈപ്പ, അടൂർമല, മോർക്കാട് തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടെ പഞ്ചായത്തിലെ മുഴുവൻ ഭാഗങ്ങളിലെയും കുടിവെള്ള ക്ഷമത്തിന് പരിഹരമാകും"
ഉഷ വിജയൻ, പ്രസിഡന്റ്,
കുടയത്തൂർ പഞ്ചായത്ത്.