തൊടുപുഴ: ഒന്നര മാസത്തിലേറെയായി അടഞ്ഞു കിടന്ന ആരാധനാലയങ്ങൾ ഇന്നു മുതൽ ഭക്തർക്ക് തുറന്ന് നൽകും. പ്രതിദിന കൊവിഡ് രോഗ വ്യാപനനിരക്ക് 16 ശതമാനത്തിൽ താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ പരമാവധി 15 പേരെ മാത്രം ഒരേസമയം അനുവദിച്ചുള്ള പ്രവർത്തനാനുമതിയാണ് ആരാധാനാലയങ്ങൾക്ക് നൽകിയിരിക്കുന്നത്. ആരാധാനാലയങ്ങൾ തുറക്കുന്നതിന് സമൂഹത്തിന്റെ വിവിധകോണുകളിൽ ശക്തമായ ആവശ്യം ഉയർന്നിരുന്നു. മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ പൊതുകൊവിഡ് മാനദണ്ഡങ്ങളല്ലാതെ മറ്റ് മാർഗ നിർദേശങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വ‍ർഷം ലോക്ക് ഡൗണിന് ശേഷം ആരാധനാലയങ്ങൾ തുറന്നപ്പോൾ 65 വയസ് കഴിഞ്ഞവർക്കും പത്തു വയസ് കഴിയാത്തവർക്കും വിലക്കേർപ്പെടുത്തിയിരുന്നു. മാത്രമല്ല,​ പ്രസാദ വിതരണത്തിനും തീർത്ഥം തളിക്കലും നിരോധനവുമുണ്ടായിരുന്നു. വിഗ്രഹങ്ങളിൽ ഭക്തർ സ്പർശിക്കരുതെന്നും സംഘം ചേർന്ന് സ്തുതിഗീതം ഒഴിവാക്കണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ ഇത്തവണ അത്തരം നിയന്ത്രണങ്ങളൊന്നുമില്ലാതെയാണ് ആരാധനാലയങ്ങൾ ഭക്തർക്ക് തുറന്നുനൽകുന്നത്. ഇതിന് മുന്നോടിയായി ക്ഷേത്രങ്ങളും ക്രിസ്ത്യൻ,​ മുസ്ലിം പള്ളികളും ഇന്നലെ ശുചീകരിച്ചു.

'സർക്കാർ നിർദേശങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിച്ച് ഇന്ന് മുതൽ വിശ്വാസികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കും. കൊവിഡ് വ്യാപനം ഇല്ലാതാക്കാൻ സർക്കാരിന്റെ നിർദേശങ്ങൾ പൂർണമായി പാലിക്കണമെന്ന് എല്ലാ ക്ഷേത്രങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. സർക്കാരിന്റെ തീരുമാനത്തിന് പൂർണ പിന്തുണ നൽകും."

-ബെന്നി ശാന്തി,​ (ചെറായിക്കൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മേൽശാന്തി)​

'ഇന്ന് മുതൽ പ്രവർത്തിക്കാൻ സർക്കാർ അനുവാദം തന്നിരിക്കുന്ന സാഹചര്യത്തിൽ ആരാധന നടത്താൻ പള്ളിയിൽ എല്ലാവിധ സുരക്ഷയും ക്രമീകരിക്കും. കൊവിഡ് ഒന്നാം ഘട്ടവ്യാപനത്തിൽ സർക്കാരിന്റെ കർശന നിർദ്ദേശങ്ങൾ പാലിച്ച് സാമൂഹ്യ അകലം പാലിച്ചും മറ്റ് സുരക്ഷ ഒരുക്കിയുമാണ് വിശ്വസികൾക്ക് പ്രവേശനം അനുവദിച്ചിരുന്നത്. ആശങ്കയ്ക്കിടയിലും സ്വയം നിയന്ത്രണങ്ങൾ പാലിച്ച് വിശ്വാസികൾ എത്തിയിരുന്നു."

-ഫാ. ജിയോ തടിക്കാട്ട്,

തൊടുപുഴ ടൗൺ പള്ളി വികാരി

'കൊവിഡ് ഒന്നും രണ്ടും ഘട്ടങ്ങളിൽ സർക്കാർ നിർദേശങ്ങളും നിയന്ത്രണങ്ങളും പൂർണമായും പാലിച്ചാണ് ആളുകളെ പള്ളികളിൽ പ്രവേശിപ്പിച്ചത്. ഇന്ന് മുതൽ കൂടുതൽ ഇളവ് വന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശിച്ച സുരക്ഷാ സംവിധാനങ്ങളോടെ 15 ആളുകൾ ഉൾപ്പെടുന്ന ഗ്രൂപ്പായി ആളുകളെ പ്രവേശിപ്പിപ്പിക്കും. ഇത് സംബന്ധിച്ച് എല്ലാ പള്ളികളിലേക്കും നിർദേശം നൽകിയിട്ടുണ്ട്. "

-നൗഫൽ കൗസരി

(തൊടുപുഴ താലൂക്ക് ഇമാം

കൗൺസിൽ ചെയർമാൻ)​