തൊടുപുഴ: ഡൽഹിയിൽ നടക്കുന്ന കർഷക സമരം ജൂൺ 26ന് ഏഴ് മാസം പിന്നിട്ടിരിക്കുകയാണ്. ഈ സമരത്തിൽ കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങളെക്കുറിച്ച് ഗൗരവമായി ചർച്ച ചെയ്ത് കർഷകരുടെ സമരം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധ സമരം നടത്താൻ അഖിലേന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർഓഫീസുകൾക്ക് മുന്നിൽ 26ന് കർഷക ധർണ്ണ നടത്താൻ തീരുമാനിച്ചതായി കർഷക സമിതി ജില്ലാ ചെയർമാൻ മാത്യുവർഗീസും കൺവീനർ എൻ .വി .ബേബിയും അറിയിച്ചു.
കൃഷിയെ രക്ഷിക്കുക, കർഷകരെ രക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ചാണ് അഖിലേന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ ദേശവ്യാപകമായി കർഷക സമരം നടത്തുന്നത്. 26ന് രാജ്ഭവനുമുന്നിൽ പ്രതിഷേധ സമരം നടത്തി ഗവർണർക്ക് നിവേദനം സമർപ്പിക്കും. ഇതിനോട് അനുബന്ധിച്ച് ജില്ലാ കേന്ദ്രങ്ങളിലും പഞ്ചായത്ത് വില്ലേജ് തലങ്ങളിലും കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലും നടത്തുന്ന സമരം വിജയിപ്പിക്കണമെന്ന് വിവിധ കർഷക സംഘടനാ നേതാക്കളായ സി .വി .വർഗീസ് (കേരള കർഷക സംഘം), ടി .സി കുര്യൻ (കിസാൻസഭ), ബിജു ഐക്കര (കർഷക യൂണിയൻ എം), ബിജു പ്രഭാകർ (കിസാൻ ജനത എസ്), സോമൻ എസ് നായർ (കിസാനൻ ജനത എൽ), എ കെ ഷംസുദ്ദിൻ(ജനാധിപത്യ കർഷക യൂണിയൻ), ജോണി ചെരുവുപറമ്പിൽ( കർഷക യൂണിയൻ ), ബാബു മഞ്ഞള്ളൂർ (കെ എസ് കെ എസ്),ഷിനോജ് വള്ളാടി(നാഷനിലിസ്റ്റ് കിസാൻ ജനത),പി കെ വിനോദ്(കർഷക കോൺഗ്രസ് എസ്) എന്നിവർ അഭ്യർത്ഥിച്ചു.