തൊടുപുഴ: പെട്രോളിന്റെയും ഡീസലിന്റെയും നികുതി സംവിധാനം ജി.എസ്.ടിയിൽ ഉൾപ്പെടുത്തി വില നിർണയിക്കണമെന്ന്‌ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ നിയോജകമണ്ഡല ആസ്ഥാനങ്ങളിലും പെട്രോൾ- ഡീസൽ വില വർദ്ധനവിനെതിരെ നടന്ന സമരത്തിന്റെ ഭാഗമായുള്ള ധർണ തൊടുപുഴ സിവിൽ സ്റ്റേഷന്റെ മുമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡീസൽ പെട്രോൾ വില വർദ്ധനവിന് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഉത്തരവാദികളാണ്. പെട്രോൾ വിലയുടെ ഏതാണ്ട് 60 ശതമാനത്തോളം കേന്ദ്ര സംസ്ഥാന നികുതികളാണ്. ഡീലർ കമ്മിഷൻ ഉൾപ്പെടെ 40 രൂപയോളം വില വരുന്ന പെട്രോളിന്, കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി ചുമത്തുന്നത് 56 രൂപയിൽ അധികമാണ്. ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ, പരമാവധി ചുമത്താവുന്ന 28 ശതമാന പ്രകാരം, 11 രൂപയോളം നികുതി മാത്രമാണ് സർക്കാരുകൾക്ക് ചുമത്താവുന്നത്. ഈ ഉത്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ ഒരു ഘട്ടത്തിൽ കേന്ദ്ര സർക്കാർ നിർദ്ദേശം വച്ചെങ്കിലും, സംസ്ഥാന സർക്കാർ അതിനെ ശക്തമായി എതിർക്കുകയായിരുന്നു. ഈ നയം തന്നെയാണ് ഇപ്പോഴും സംസ്ഥാന സർക്കാർ തുടരുന്നത്. ധർണയിൽ പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ. ജോസഫ്‌ ജോൺ, അഡ്വ. ജോസി ജേക്കബ്, സംസ്ഥാന സെക്രട്ടറി എം. മോനിച്ചൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ്‌ ചേരിയിൽ, ബ്ലെയ്‌സ് ജി. വാഴയിൽ എന്നിവർ പങ്കെടുത്തു. കേരളകോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി ജില്ലയിൽ ചെറുതോണി, കുമളി, നെടുങ്കണ്ടം, അടിമാലി എന്നിവിടങ്ങളിലും ധർണ നടത്തി. ചെറുതോണിയിൽ പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബും നെടുങ്കണ്ടത്ത് വൈസ് ചെയർമാൻ മാത്യു സ്റ്റീഫനും കുമിളി, അടിമാലി എന്നിവിടങ്ങളിൽ സംസ്ഥാന സെക്രട്ടറിമാരായ ആന്റണി ആലഞ്ചേരി, നോബിൾ ജോസഫ് എന്നിവരും ധർണ്ണ ഉദ്ഘാടനം ചെയ്തു.