 ഭാഗിക ഇളവുകൾ 19 തദ്ദേശസ്ഥാപനങ്ങൾക്ക്

തൊടുപുഴ: കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി രോഗ സ്ഥിരീകരണ നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ ഇനിയുള്ള ഏഴ് ദിവസം ജില്ലയിലെ 33 തദ്ദേശസ്ഥാപനങ്ങൾക്ക് പൂർണ ഇളവുകളും 19 തദ്ദേശസ്ഥാപനങ്ങൾക്ക് ഭാഗിക ഇളവുകളും ലഭിക്കും. ചിന്നക്കനാൽ,​ ആലക്കോട് പഞ്ചായത്തുകളിൽ പൂർണ ലോക്ക് ഡൗണായിരിക്കും. ഈയാഴ്ച മുതൽ തദ്ദേശസ്ഥാപനങ്ങളിലെ ലോക്ക് ഡൗൺ തരംതിരിക്കലിൽ മാറ്റമുണ്ട്. എ വിഭാഗത്തിൽ എട്ട് ശതമാനത്തിൽ താഴെയുള്ള തദ്ദേശസ്ഥാപനങ്ങൾ തന്നെയാണ് വരിക. ഇവിടെ എല്ലാ സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും 50 ശതമാനം വരെ ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം. ആരാധനാലയങ്ങൾക്ക് തുറക്കാം. എന്നാൽ ഇനി മുതൽ ബി വിഭാഗത്തിൽ 8 മുതൽ 16 വരെ ടി.പി.ആർ ഉള്ള തദ്ദേശസ്ഥാപനങ്ങളാണ് വരിക. നേരത്തെ ഇത് 8 മുതൽ 20 വരെയായിരുന്നു. ഇവിടങ്ങളിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും 50 ശതമാനം വരെ ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം. ആരാധനാലയങ്ങൾക്ക് തുറക്കാം. സി വിഭാഗത്തിൽ 16 മുതൽ 24 വരെ ടി.പി.ആർ ഉള്ള തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടും. നേരത്തെ ഇത് 20 മുതൽ 30 വരെയായിരുന്നു. ഇവിടെ എല്ലാ സർക്കാർസ്ഥാപനങ്ങളും 25 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. ആരാധനാലയങ്ങൾക്ക് പ്രവർത്തനാനുമതിയില്ല. ടി.പി.ആർ 24ന് മുകളിലുള്ല തദ്ദേശസ്ഥാപനങ്ങൾ ഡി വിഭാഗത്തിൽപ്പെടും. നേരത്തെ ഇത് 30ന് മുകളിലായിരുന്നു. ഇവിടെ ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങളുണ്ടാകും. ഈ വിഭാഗത്തിൽ ജില്ലയിൽ ഒരു തദ്ദേശസ്ഥാപനവുമില്ല. ഈ മാസം 30 വരെയാണ് ഈ രീതി.

വിഭാഗം എ (ടി.പി.ആർ എട്ടിൽ താഴെ)​

മറയൂർ, പീരുമേട്, കുടയത്തൂർ, വാത്തിക്കുടി, വെള്ളത്തൂവൽ, ഇടുക്കികഞ്ഞിക്കുഴി, വണ്ടിപ്പെരിയാർ, ദേവികുളം, വാഴത്തോപ്പ്, മൂന്നാർ, ശാന്തമ്പാറ, കുമാരമംഗലം, പാമ്പാടുംപാറ, കരിങ്കുന്നം, ഉടുമ്പഞ്ചോല, കരിമണ്ണൂർ, വണ്ടൻമേട്, ഏലപ്പാറ, ഉടുമ്പന്നൂർ, അയ്യപ്പൻകോവിൽ, രാജകുമാരി, പെരുവന്താനം, പുറപ്പുഴ, വട്ടവട, പള്ളിവാസൽ, മരിയാപുരം, രാജാക്കാട്, കൊന്നത്തടി, ഇരട്ടയാർ, കരുണാപുരം, കാമാക്ഷി, ഉപ്പുതറ, ഇടമലക്കുടി.

വിഭാഗം ബി (ടി.പി.ആർ 8- 20%)
തൊടുപുഴ, കട്ടപ്പന,​ കോടിക്കുളം, ചക്കുപള്ളം, ഇടവെട്ടി, വണ്ണപ്പുറം, വെള്ളിയാമറ്റം, കുമളി, കാന്തല്ലൂർ, കൊക്കയാർ, ബൈസൺവാലി, നെടുങ്കണ്ടം, മാങ്കുളം, അടിമാലി, സേനാപതി, അറക്കുളം, കാഞ്ചിയാർ, മണക്കാട്, മുട്ടം.

വിഭാഗം സി (ടി.പി.ആർ 20- 30%)
ചിന്നക്കനാൽ, ആലക്കോട്‌