തൊടുപുഴ: മരം കൊള്ളക്കേസിലെ പ്രതികൾ റവന്യു മന്ത്രിയുടെ ആഫീസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തൽ അതീവ ഗൗരവകരമാണെന്ന് പി ജെ ജോസഫ് എം എൽ എ പറഞ്ഞു.. മരം കൊള്ളകേസിലെ പ്രതികൾക്ക് റവന്യു വകുപ്പ് മന്ത്രിയുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്ന സാഹച്ര്യത്തിൽ മരംകൊള്ളയെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.മരം കൊള്ള കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് യു ഡി എഫിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ധർണാസമരത്തിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുമ്പിൽ നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു പി ജെ ജോസഫ്.
പട്ടയ വസ്തുവിൽ കർഷകർ നട്ടുവളർത്തിയതും സ്വയം കിളിർത്തുവന്നതുമായ മരങ്ങൾ മുറിക്കുവാൻ കർഷകരെ അനുവദിക്കുന്നു എന്ന വ്യാജേന ഈട്ടി തേക്ക് ഉൾപ്പെടെയുള്ള രാജകീയ വൃക്ഷങ്ങൾ വനം മാഫിയക്ക് വെട്ടി കടത്തി കൊണ്ടു പോകുന്നതിന് അവസരം ഒരുക്കിയ വിവാദ ഉത്തരവ് നിയമവിരുദ്ധമാണെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ പറഞ്ഞു. യു ഡി എഫ് മണ്ഡലം ചെയർമാൻ എം എ കരിം അദ്ധ്യക്ഷത വഹിച്ചു. കെ എം എ ഷുക്കൂർ, എൻ ഐ ബെന്നി, അഡ്വ. ജോസഫ് ജോൺ, ഷിബിലി സാഹിബ്, റ്റി ജെ പീറ്റർ, ജോസ് അഗസ്റ്റ്യൻ, വി ഇ .താജുദീൻ, കെ ജി സജിമോൻ, ഫിലിപ്പ് ചേരിയിൽ, കെ ജി കണ്ണൻദാസ്, സി എം അബ്ദുൾ അസ്സീസ്, ടോമി പാലക്കൻ, എം കെ ഷാഹുൽ ഹമീദ്, കെ എം ഷാജഹാൻ, അസ്ലാം ഓലിക്കൽ എന്നിവർ പ്രസംഗിച്ചു.